Quantcast

അതിജീവിതയേയും സ്ത്രീ സമൂഹത്തെയും അപഹസിക്കുന്നു, അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് വി.ശിവൻകുട്ടി

''നടിയെ അക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ "സർക്കാരിന് വേറെ പണിയില്ലേ" എന്ന് ചോദിച്ച് പരിഹസിച്ച അടൂർ പ്രകാശിന്റെ നടപടി ഞെട്ടിക്കുന്നത്''

MediaOne Logo

Web Desk

  • Published:

    9 Dec 2025 10:39 AM IST

അതിജീവിതയേയും സ്ത്രീ സമൂഹത്തെയും അപഹസിക്കുന്നു, അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് വി.ശിവൻകുട്ടി
X

തിരുവനന്തപുരം: അതിജീവിതയെയും സ്ത്രീ സമൂഹത്തെയും യുഡിഎഫ് കൺവീനർ അടൂർപ്രകാശ് അപഹസിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

യുഡിഎഫ് കൺവീനറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നടിയെ അക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ "സർക്കാരിന് വേറെ പണിയില്ലേ" എന്ന് ചോദിച്ച് പരിഹസിച്ച അടൂർ പ്രകാശിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശിവന്‍കുട്ടി വ്യക്തമാക്കുന്നു.

നീതിക്ക് വേണ്ടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെയും അതിന് സർക്കാർ നൽകുന്ന പിന്തുണയെയും 'പണിയില്ലായ്മ'യായി കാണുന്ന മനോഭാവം യുഡിഎഫിന്റെ സ്ത്രീവിരുദ്ധ മുഖമാണ് വ്യക്തമാക്കുന്നത്. ഈ സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് കേരളത്തിലെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയാൻ യുഡിഎഫ് തയ്യാറാകണം. നീതി ഉറപ്പാക്കുന്നത് വരെ സർക്കാർ അതിജീവിതയ്ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും ശിവന്‍കുട്ടി പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായിയെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രസ്താവന. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അതിജീവിതയെയും സ്ത്രീസമൂഹത്തെയും അപഹസിക്കുന്ന യു ഡി എഫ് കൺവീനറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം.

നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ "സർക്കാരിന് വേറെ പണിയില്ലേ" എന്ന് ചോദിച്ച് പരിഹസിച്ച യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടി ഞെട്ടിക്കുന്നതാണ്. നീതിക്ക് വേണ്ടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെയും അതിന് സർക്കാർ നൽകുന്ന പിന്തുണയെയും 'പണിയില്ലായ്മ'യായി കാണുന്ന മനോഭാവം യു ഡി എഫിന്റെ സ്ത്രീവിരുദ്ധ മുഖമാണ് വ്യക്തമാക്കുന്നത്.

ഈ വെളിപ്പെടുത്തലോടെ ഒരുകാര്യം പകൽ പോലെ വ്യക്തമായി; യു ഡി എഫ് അതിജീവിതയ്‌ക്കൊപ്പം ഇല്ല.

വാക്കുകളിൽ 'അതിജീവിതയ്‌ക്കൊപ്പം' എന്ന് പറയുകയും, പ്രവൃത്തിയിൽ വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന യു ഡി എഫിന്റെ ഇരട്ടത്താപ്പാണ് കൺവീനറുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ സർക്കാർ നടത്തുന്ന നിയമപോരാട്ടത്തെ ലഘൂകരിക്കുന്നതിലൂടെ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളെയുമാണ് യു ഡി എഫ് നേതൃത്വം അപമാനിച്ചിരിക്കുന്നത്.

സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം കേരളം തിരിച്ചറിയണം. ഈ സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് കേരളത്തിലെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയാൻ യു ഡി എഫ് തയ്യാറാകണം. നീതി ഉറപ്പാക്കുന്നത് വരെ സർക്കാർ അതിജീവിതയ്ക്കൊപ്പം തന്നെ ഉണ്ടാകും.

TAGS :

Next Story