Quantcast

വടകര താലൂക്ക് ഓഫീസിലെ തീപ്പിടിത്തം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ

ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതിനെ തുടർന്നാണ് എംഎൽഎയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2021-12-18 03:45:16.0

Published:

18 Dec 2021 2:13 AM GMT

വടകര താലൂക്ക് ഓഫീസിലെ തീപ്പിടിത്തം:  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ
X

വടകര താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫീസുകളിൽ തീപ്പിടിത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതിനെ തുടർന്നാണ് എംഎൽഎയുടെ പ്രതികരണം.

അതിനിടെ, വടകര താലൂക്ക് ഓഫീസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മുമ്പ് ശുചിമുറിയിൽ നടന്ന തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ തീപ്പിടിത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപ്പിടിത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം പലരും ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി അണക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു. അതിനിടെ, സ്ഥലം സന്ദർശിക്കാനെത്തിയ നാദാപുരം എംഎൽഎ ഇകെ വിജയന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. വടകര എംഎൽഎ കെ.കെ. രമ, കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞഹമ്മദ് കുട്ടി എന്നിവരും സ്ഥലത്തെത്തിയിരുന്നു. തീപ്പിടിത്തത്തിൽ ദുരൂഹതയുള്ളതായി കെ.കെ രമയും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. ഈ സർക്കാർ തീപ്പിടിച്ച സർക്കാറാണെന്നും അവർ ഭരണമേറ്റ ശേഷം പല ഓഫിസുകൾക്കും തീപ്പിടിച്ചുവെന്നും വടകരയിലെ തീപ്പിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപ്പിടിത്തത്തിൽ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അതിനാൽ വടകരയിലേത് ഒറ്റപ്പെട്ട തീപ്പിടിത്തമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

KK Rema MLA demanded that there was suspicion in the Vadakara Taluk office fire and therefore a judicial inquiry should be held.

TAGS :

Next Story