Quantcast

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2025-11-19 15:49:09.0

Published:

19 Nov 2025 6:53 PM IST

Vaishna can contest Removal of name from voter list cancelled
X

Photo| Special Arrangement

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂർത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം. ഇതോടെ കോൺ​ഗ്രസിന് ആശ്വാസമായി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ഹിയറിങ്ങിൽ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരൻ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയിൽ ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷൻ ഹിയറിങ്ങിന് വിളിച്ചതും തുടർന്ന് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതും. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ നിന്ന് കമ്മീഷൻ ഒഴിവാക്കിയത്.

എന്നാൽ, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാൻ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

വാർ‍ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയും വീടുകൾ കയറി വോട്ട് ചോദിക്കാൻ തുടങ്ങുകയും ചെയ്ത ശേഷമായിരുന്നു വൈഷ്ണയ്ക്ക് തിരിച്ചടിയായി കമ്മീഷൻ ഉത്തരവുണ്ടായത്. എന്നാൽ ഇപ്പോൾ നടപടി റദ്ദാക്കിയതോടെ സ്ഥാനാർഥിയും പാർട്ടിയും കൂടുതൽ ആവേശത്തിലായി. പട്ടികയിലെ വൈഷ്ണയുടെ പിസി നമ്പർ തെറ്റാണെന്ന സിപിഎം പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ പേര് കമ്മീഷൻ നീക്കം ചെയ്തത്.

എന്നാൽ, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് വൈഷ്ണ സുരേഷ് പറഞ്ഞിരുന്നു. ഹിയറിങ് സമയത്ത് താൻ ആവശ്യമായ എല്ലാ രേഖകളും അധികൃതർക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായാണ് പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും പിസി നമ്പർ തെറ്റിയത് തന്റെ പിഴവല്ലെന്നും വൈഷ്ണ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story