Quantcast

'പാവപ്പെട്ട നാട്ടുകാരെ നോക്കേണ്ട, അവരൊന്നും അതു ചെയ്യില്ല'; പ്രതി അൻവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിങ്ങനെ

'പ്രതിയെ പൊലീസ് നിരീക്ഷിക്കുന്ന കാര്യം അയാൾക്ക് അറിയാമായിരുന്നില്ല. അയാൾ പറഞ്ഞ ആൾക്കാർ അത്ര റേഞ്ചുള്ള ആൾക്കാർ ആയിരുന്നില്ല'

MediaOne Logo

Web Desk

  • Published:

    21 April 2021 11:30 AM GMT

പാവപ്പെട്ട നാട്ടുകാരെ നോക്കേണ്ട, അവരൊന്നും അതു ചെയ്യില്ല; പ്രതി അൻവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിങ്ങനെ
X

തിരൂർ: വളാഞ്ചേരിയിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൻവറിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് തിരൂർ ഡിവൈഎസ്പി കെ സുരേഷ് കുമാർ. സ്വർണം ലക്ഷ്യം വച്ചാണ് പെൺകുട്ടിയെ ആക്രമിച്ചത് എന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും കൂടുതൽ അന്വേഷണമുണ്ടാകുമെന്നും ഡിവൈഎസ്പി മീഡിയ വണ്ണിനോട് പറഞ്ഞു.

' വെല്ലുവിളി നിറഞ്ഞ കേസായിരുന്നു കുട്ടിയുടെ തിരോധാനം. വീട്ടിൽ നിന്ന് പുറപ്പെട്ട് ഇരുനൂറ് മീറ്റർ വരെ കുട്ടിയെ കണ്ടവരുണ്ട്. പിന്നീട് കുട്ടി അവിടെ നിന്ന് മാഞ്ഞു പോയ പോലെയാണ്. ആരുടെയെങ്കിലും കൂടെ പോയതാണോ? എവിടേക്കെങ്കിലും പോയതാണോ, ആത്മഹത്യ ചെയ്തതാണോ തുടങ്ങി അന്വേഷണത്തിന്റെ എല്ലാ സാധ്യതയും പൊലീസ് പരിശോധിച്ചിരുന്നു. പ്രദേശത്ത് ക്യാമ്പ് ചെയ്തായിരുന്നു അന്വേഷണം. തുടക്കത്തിൽ തന്നെ തെളിവുകൾ കിട്ടിയില്ലെങ്കിൽ അന്വേഷണം സങ്കീർണമാകുന്ന സാഹചര്യമുണ്ടായിരുന്നു' - പൊലീസ് വ്യക്തമാക്കി.

'പ്രതി എപ്പോഴും തെളിവു നശിപ്പിക്കുന്നതിനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കും. പ്രദേശത്തു നിന്നുള്ള രണ്ടു മൂന്നു പേരെ കുറിച്ച് പ്രതി മോശമായ അഭിപ്രായം പറഞ്ഞിരുന്നു. പാവപ്പെട്ട നാട്ടുകാരെ നോക്കാൻ പാടില്ല. അവരൊന്നും അതു ചെയ്യില്ല എന്ന് ഇയാൾ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇയാളെ ഞങ്ങൾ നിരീക്ഷിക്കുന്ന കാര്യം അയാൾക്ക് അറിയാമായിരുന്നില്ല. അയാൾ പറഞ്ഞ ആൾക്കാർ അത്ര റേഞ്ചുള്ള ആൾക്കാർ ആയിരുന്നില്ല. അത് അയാൾക്കെതിരെയുള്ള നെഗറ്റീവ് മാർക്കായി. മൊബൈൽ വിളിയുടെ വിശദാംശങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. കൂട്ടുപ്രതികളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്' - ഡിവൈഎസ്പി പറഞ്ഞു.

തെളിവെടുപ്പിനിടെ പെൺകുട്ടിയുടെ ചെരുപ്പ്, എയർബൺ, മാസ്‌ക്, പ്രതിയുടെ ചെരുപ്പകൾ എന്നിവ പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ വിശദപരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

'പെൺകുട്ടി സ്ഥിരമായി നടന്നുവരുന്ന ഇടവഴിയിൽ വെച്ച് മാസ്‌ക് ഉൾപ്പടെ മുഖം പൊത്തിപ്പിടിച്ചു. അൽപ സമയത്തിനകം പെൺകുട്ടി ബോധരഹിതയായി നിലത്ത് വീണു. കുറച്ച് നേരം കൂടി മുഖം പൊത്തിപ്പിടിച്ച ശേഷം സമീപത്തെ പുൽക്കാട്ടിലേക്ക് കൊണ്ടുപോയി കിടത്തി. ശേഷം വീട്ടിൽ പോയി. മടങ്ങി വന്നപ്പോഴും അനക്കം ഇല്ലാതെ കിടന്ന പെൺകുട്ടിയെ ചാക്കിൽ കെട്ടി ഒളിപ്പിച്ചു. പിന്നീട് സ്വന്തം സ്ഥലത്ത് കൊണ്ടുപോയി മണ്ണിട്ട് മൂടി'- എന്നാണ് കൃത്യത്തെ കുറിച്ച് പ്രതിയുടെ മൊഴി.

സുബീറ ഫർഹത്ത് എന്ന 21കാരിയെ കാണാതായി 40 ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയെ കാണാതായപ്പോൾ തിരച്ചിലിൽ സജീവമായി പങ്കെടുത്തിരുന്നു അൻവർ. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് സംശയം തോന്നിയില്ല. സുബീറയുടെ തിരോധാനം പൊലീസിനെ ഏറെ കുഴക്കിയിരുന്നു. പെൺകുട്ടി ജോലിസ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ തന്നെ ലഭിച്ചു. അതേസമയം സ്ഥിരമായി ബസ് കയറുന്ന സ്ഥലത്ത് എത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ വീടിൻറെ പരിസരത്തുവെച്ച് തന്നെ പെൺകുട്ടിക്ക് എന്തോ അപകടം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

തുടർന്ന് പ്രദേശത്തെ പരിശോധന ഊർജിതമാക്കി. ക്വാറിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പ്രദേശത്തെ മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയതോടെയാണ് അൻവറിനെ പലതവണ ചോദ്യംചെയ്തത്. തുടർന്ന് മണ്ണ് മാറ്റിയുള്ള തെരച്ചിലിൽ മൃതദേഹത്തിൻറെ കാൽ ഇന്നലെ കണ്ടെത്തി. രാത്രി ആയതിനാൽ മൃതദേഹം പൂർണമായി പുറത്തെടുത്തില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

TAGS :

Next Story