Quantcast

അരിവ്യാപാരിയുടെ അയൽക്കാരൻ കള്ളൻ; 'അപാര കോൺഫിഡൻസ്' കൊടുത്ത വമ്പൻ പണി !

മറന്നുവച്ച ഉളിയെടുക്കാൻ തിരിച്ചു ചെന്നത് സിസിടിവിയിൽ പെട്ടു... ലിജീഷ് വീട്ടിൽ കയറിയത് രണ്ട് തവണ

MediaOne Logo

Web Desk

  • Updated:

    2024-12-06 14:00:33.0

Published:

6 Dec 2024 7:24 PM IST

Valapattanam robbery case unfolded
X

പിടിക്കപ്പെടില്ലെന്ന അപാര കോൺഫിഡൻസ്- അതായിരുന്നു വളപട്ടണം കവർച്ചാക്കേസ് പ്രതി ലിജീഷിന്റെ കൈമുതൽ. അയൽവാസിയും അരിവ്യാപാരിയുമായ അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടിയിലധികം രൂപയും മുന്നൂറ് പവൻ സ്വർണവും മോഷ്ടിച്ചിട്ടും പൊലീസിനൊപ്പം കള്ളനെ തിരയാൻ ലിജീഷിനെ സഹായിച്ചത് ആ കോൺഫിഡൻസ് തന്നെയാണെന്ന് വേണം കരുതാൻ.

വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. ജോലിയിലെ 'നൈപുണ്യം' വളപട്ടണത്തെ വമ്പൻ കവർച്ചയിൽ ലിജീഷിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. സംസ്ഥാനത്തെ കവർച്ചാക്കേസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും അപൂർവതകളുള്ള കേസായി അത് മാറിയതും ലിജീഷിന്റെ ഈ 'കഴിവുകൾ' കൊണ്ട് തന്നെയാണ്.

നവംബർ 20ാം തീയതിയാണ് വളപട്ടണത്തെ അരിവ്യാപാരിയായ കെ.പി അഷ്‌റഫിന്റെ വീട്ടിൽ മോഷണം നടക്കുന്നത്. വിവാഹത്തിന് പോയ അഷ്‌റഫും കുടുംബവും തിരിച്ചെത്തുമ്പോൾ വീടിന് പുറകിലെ ജനൽ അപ്പാടെ ഇളക്കി മാറ്റിയിരുന്നു. വീട്ടിൽ വലിയ രീതിയിൽ കവർച്ച നടന്നതായി മനസ്സിലാക്കി അഷ്‌റഫ് ഉടൻ പൊലീസിനെ വിവരമറിയിച്ചു. ബെഡ്‌റൂമിൽ കയറി ലോക്കർ തകർത്താണ് മോഷ്ടാവ് പണം മോഷ്ടിച്ചിരിക്കുന്നത്.

മോഷണം നടന്നിട്ട് നാലുദിവസം പിന്നിട്ടത് കൊണ്ടുതന്നെ സിസിടിവി തന്നെ ആയിരുന്നു പൊലീസിനുണ്ടായിരുന്ന സുപ്രധാന തെളിവ്. 100ഓളം സിസിടിവി ദൃശ്യങ്ങളാണ് കേസിൽ പൊലീസ് പരിശോധിച്ചത്. ഇതിൽ പലതും അവ്യക്തമായതും. എങ്കിലും പ്രതിയിലേക്കെത്താൻ അതൊന്നും കണ്ണൂർ പൊലീസിന് തടസ്സമായില്ല. രണ്ട് തവണ പ്രതി വീട്ടിൽ വന്നതായി പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതി പരിസരത്ത് തന്നെയുള്ള ആളാണെന്ന് പൊലീസ് ഉറപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങളിൽ രൂപസാദൃശ്യം തോന്നിയതിനാൽ ലിജീഷിനെ പൊലീസ് തന്ത്രപൂർവം കസ്റ്റഡിയിലെടുത്തു. ഇതിനോടകം തന്നെ ശേഖരിച്ച 75ഓളം വിരലടയാളങ്ങളിൽ ലിജീഷിന്റേതുമുണ്ടായിരുന്നു.. എന്നാൽ വിരലയടാളം വെച്ച് നോക്കിയപ്പോൾ നിരാശയായിരുന്നു ഫലം. പക്ഷേ പൊലീസിനെ ഞെട്ടിച്ച് വൻ ട്വിസ്റ്റാണ് പിന്നീടുണ്ടായത്. വളപട്ടണത്തിന് അടുത്ത് തന്നെയുള്ള കീച്ചേരിയിലെ തെളിയാതെ കിടന്ന മോഷണക്കേസിലെ വിരലടയാളവുമായി ആ വിരലടയാളത്തിന് സാമ്യം. അതോടെ ഒരു കാര്യമുറപ്പായി- ലിജീഷിന് ക്രിമിനൽ പശ്ചാത്തലമുണ്ട്.

വളപട്ടണത്തെ കവർച്ചയിൽ ജനൽ മുറിച്ചത് വെച്ച്, വെൽഡിങിലുള്ള കഴിവ് മോഷണത്തിനുപയോഗപ്പെടുത്തി എന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും പിന്നീട് ലിജീഷ് കുറ്റസമ്മതം നടത്തി. കഷണ്ടിയുള്ള ആളാണ് സിസിടിവി ദൃശ്യങ്ങളിൽ എന്നതും പ്രതിയിലേക്കെത്താൻ പൊലീസിന് രക്ഷയായിരുന്നു.

എത്ര തന്നെയായാലും പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസം ലിജീഷിനുണ്ടായിരുന്നു. മറന്നുവച്ച ഉളിയെടുക്കാൻ കവർച്ച നടത്തിയ വീട്ടിൽ തൊട്ടടുത്ത ദിവസം തിരിച്ചുചെന്നതൊക്കെ പൊലീസിനെ പോലും ആശ്ചര്യപ്പെടുത്തി. പിടിക്കപ്പെടുന്നത് വരെ കള്ളനെ പിടിക്കാൻ എല്ലാ സഹായവും പൊലീസിന് വാഗ്ദാനം ചെയ്ത് കൂടെയുണ്ടായിരുന്നു ലിജീഷ്. കവർച്ചയിലെ ആശ്ചര്യവും കൗതുകവുമൊക്കെ അയൽക്കാരോട് വെളിപ്പെടുത്തുകയും ചെയ്തു.

മോഷ്ടിച്ച സ്വർണവും പണവും എന്ത് വന്നാലും കാണിച്ചുതരില്ല എന്ന വാശിയായിരുന്നു ഇയാൾക്കെന്ന് പൊലീസ് പറയുന്നു. കവർച്ചമുതൽ ഭൂമിയിലും ആകാശത്തുമല്ലാതെ സൂക്ഷിച്ചിട്ടുണ്ടെന്നും എനിക്കുമാത്രമേ അത് കണ്ടെത്താനാകൂ എന്നുമൊക്കെ ഇയാൾ എസിപി രത്‌നകുമാറിനോട് പറഞ്ഞിരുന്നു. പിന്നീട് പൊലീസ് ചോദ്യം ചെയ്യൽ കടുപ്പിച്ചപ്പോൾ രഹസ്യവിവരം താനേ വെളിയിൽ വന്നു. വീട്ടിലെ കട്ടിലിനടിയിൽ അറയുണ്ടാക്കിയാണ് ഇയാൾ സ്വർണവും പണവും സൂക്ഷിച്ചത്.

മോഷണം നടന്ന അഷ്‌റഫിന്റെ വീടിന് ഒരു മതിലിനപ്പുറമാണ് ലിജീഷിന്റെ വീട്. അഷ്‌റഫിന്റെ വീട് നിരന്തരം നിരീക്ഷിച്ചാണ് പ്രതി മോഷണത്തിന് പ്ലാനിട്ടത്. മോഷണമുതൽ സൂക്ഷിക്കാനുള്ള സ്ഥലമടക്കം കണ്ടെത്തിയായിരുന്നു ഇയാളുടെ നീക്കം. തൊട്ടടുത്ത് താമസിച്ചിട്ടും പരിചയം പോലും നടിക്കാൻ കൂട്ടാക്കാതിരുന്ന ലിജീഷ് വീട്ടിൽക്കയറി കവർച്ച നടത്തിയതിന്റെ ഞെട്ടലിലാണ് അഷ്‌റഫിന്റെ കുടുംബം. ലിജീഷ് മോഷ്ടിച്ച 1,21,43000 കോടി രൂപയും 267 പവൻ സ്വർണവും കോടതിനടപടികളിലൂടെയാവും ഇനി ഇവർക്ക് തിരിച്ചു കിട്ടുക. സ്വർണവും പണവും തങ്ങളുടേതാണെന്ന രേഖകൾ കാട്ടിയാൽ ഒരുമാസത്തിനകം ഇവ ലഭിക്കും.

TAGS :

Next Story