Quantcast

വാൽപ്പാറ അപകടം; മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി, അഞ്ച് പേരെ തിരിച്ചറിഞ്ഞു

വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2026-04-17 17:10:39.0

Published:

17 April 2026 6:41 PM IST

/kerala/valparai-accident-death-321110
X

പാലക്കാട്: തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപം കേരള അതിര്‍ത്തിയായ വാല്‍പ്പാറയില്‍ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളിലെ അഞ്ച് സ്ഥിരം അധ്യാപകര്‍, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്‌കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകന്‍ എന്നിവരാണ് മരിച്ചത്. ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരിൽ ഉള്‍പ്പെടുന്നത്.

വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ 16 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്.

വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവിൽ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചെയ്യാൻ ആകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വേണ്ട സഹായങ്ങൾ ഉണ്ടാകും എന്ന് ഉറപ്പു തന്നിട്ടുണ്ട്. കോയമ്പത്തൂർ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

അപകട വാർത്ത ദുഃഖകരമാണെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇരു സർക്കാരുകളും ആവശ്യമായ നടപടികൾ സ്വീകരിക്കണം. രക്ഷാപ്രവർത്തനവും മറ്റുകാര്യങ്ങളും ചെയ്യണമെന്ന് സർക്കാരുകളോട് അഭ്യർഥിക്കുന്നതായും കെ.സി വേണുഗോപാൽ പറഞ്ഞു.

TAGS :

Next Story