വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും; മുഖ്യമന്ത്രി
തമിഴ്നാട് ഗതാഗതകുപ്പിന്റെ സഹായം തേടിയതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു

തിരുവനന്തപുരം: വാൽപ്പാറ അപകടത്തിൽ അനുശോചനവുമായി നേതാക്കൾ. വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ''മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും'' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വി.ശിവൻകുട്ടി
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും ഏറെപേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത വാർത്ത ഏറെ ദുഃഖത്തോടെ മനസ്സിലാക്കുന്നു. ബഹു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വേണ്ട സഹായങ്ങൾ ഉണ്ടാകും എന്ന് ഉറപ്പു തന്നിട്ടുണ്ട്. കോയമ്പത്തൂർ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചെയ്യാൻ ആകുന്നതെല്ലാം ചെയ്യുന്നുണ്ട്.
തമിഴ്നാട് ഗതാഗതകുപ്പിന്റെ സഹായം തേടിയതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കോയമ്പത്തൂര്‍ ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അഴഗരശുവിന് തമിഴ് നാട് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. പാലക്കാട് മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്‍റെ് വിഭാഗത്തിലെ ക്വിക്ക് റസ്പോണ്‍സ് ടീം സംഭവ സ്ഥലത്ത് എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി വേണുഗോപാലിന്‍റെ കുറിപ്പ്
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂൾ അധ്യാപകരുടെ അപകട വാർത്ത അത്യന്ത്യം ദുഃഖകരമാണ്. വാൽപ്പാറയിൽ വെച്ച് വിനോദസഞ്ചാര യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും, മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള തുടർനടപടികൾ വേഗത്തിലാക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മരണപ്പെട്ട അധ്യാപകരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
Adjust Story Font
16

