Quantcast

'വാരിയൻകുന്നത്ത് സ്വാതന്ത്ര്യസമര സേനാനി തന്നെ; ബ്രിട്ടീഷുകാരെ സഹായിച്ചവരെയെല്ലാം അദ്ദേഹം എതിർത്തു'-മുഖ്യമന്ത്രി

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്ന് മലബാർ സമരപോരാളികളെ ഒഴിവാക്കിയത് സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2021-08-28 16:19:40.0

Published:

28 Aug 2021 2:20 PM GMT

വാരിയൻകുന്നത്ത് സ്വാതന്ത്ര്യസമര സേനാനി തന്നെ; ബ്രിട്ടീഷുകാരെ സഹായിച്ചവരെയെല്ലാം അദ്ദേഹം എതിർത്തു-മുഖ്യമന്ത്രി
X

മലബാർ സമരപോരാളികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്ന് നീക്കിയ കേന്ദ്രനടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാർഷിക കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യസമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണ്. സ്വാതന്ത്ര്യസമര സേനാനി പട്ടികയിൽനിന്ന് കേന്ദ്രം അവരെ നീക്കിയതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഏതെങ്കിലുമൊരു രീതിയിൽ മാത്രം നടന്ന ഒന്നല്ല. അതിൽ സഹനസമരമുണ്ട്, വ്യക്തി സത്യഗ്രഹങ്ങൾ ഉണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ സമരമുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും കാഴ്ചപ്പാടുകളും ഇത്തരം സമരങ്ങൾ നടത്തുമ്പോൾ അവയ്‌ക്കെല്ലാം ഒറ്റ ലക്ഷ്യമാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരെ ഈ രാജ്യത്തുനിന്ന് പുറത്താക്കുകയായിരുന്നു അത്. അതിനുശേഷം ഏതുതരത്തിലുള്ള ഭരണസംവിധാനമാണ് ഉണ്ടാക്കേണ്ടതെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കും ഉണ്ടായിരുന്നു. അങ്ങനെ അഭിപ്രായങ്ങൾ പുലർത്തിയതുകൊണ്ട് അവർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് നിശ്ചയിക്കാൻ ആർക്കും അവകാശമില്ല. ഈ പൊതുകാഴ്ചപ്പാടാണ് ഇക്കാര്യത്തിൽ നാം സ്വീകരിക്കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.

മലബാർ കലാപമെന്ന് ആ സമരത്തെ അന്ന് വിളിച്ചത് മുഹമ്മദ് അബ്ദുൽറഹ്‌മാനായിരുന്നു. അതിനകത്തെ കാർഷിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മലബാറിലെ കാർഷിക കലാപമെന്ന് കമ്മ്യൂണിസ്റ്റുകാരും വിലയിരുത്തി. 1921ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നെന്ന് ആർക്കും നിഷേധിക്കാനാവില്ല. അതോടൊപ്പം തന്നെ ബ്രിട്ടീഷുകാരുടെ സഹായികളായി വർത്തിച്ച ജന്മിാർക്കെതിരായുള്ള സമരമായും അത് വികസിക്കുകയായിരുന്നു. ചില മേഖലകളിൽ മലബാർ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലർ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതിനെ ആ നിലയിൽ തന്നെ കാണേണ്ടതുണ്ട്-അദ്ദേഹം സൂചിപ്പിച്ചു.

വാരിയൻകുന്നത്താവട്ടെ ബ്രിട്ടീഷുകാരെ സഹായിച്ച എല്ലാ മതക്കാരെയും എതിർത്തിട്ടുണ്ടെന്നത് ചരിത്രയാഥാർത്ഥ്യമാണ്. ഖാൻ ബഹദൂർ ചേക്കുട്ടി, തയ്യിൽ മൊയ്തീൻ തുടങ്ങിയവരെ ഉൾപ്പെടെ കൊലപ്പെടുത്തുകയാണ് അവർ ചെയ്തത്. അതേസമയം നിരപരാധികളെ കൊലപ്പെടുത്തുകയും മറ്റും ചെയ്തവർക്കെതിരെ ശക്തമായ നിലപാടാണ് വാരിയൻകുന്നത്ത് സ്വീകരിച്ചിരുന്നതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. മലബാർ കലാപത്തെക്കുറിച്ച് എഴുതിയ മാധവമേനോനെ വാരിയൻകുന്നത്ത് സന്ദർശിക്കുന്ന സന്ദർഭം അദ്ദേഹം എഴുതുന്നുണ്ട്. അവിടെ നടന്ന തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അവ അവസാനിപ്പിക്കാൻ തന്നെയാണ് താൻ വന്നതെന്ന് വാരിയൻകുന്നത്ത് പറഞ്ഞതായി മാധവമേനോൻ രേഖപ്പെടുത്തുന്നുണ്ട്. സർദാർ ചന്ദ്രോത്ത് 1946ൽ 'ദേശാഭിമാനി'യിൽ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുനിർത്തിക്കൊണ്ടുള്ള രാജ്യമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. മതരാഷ്ട്രവാദം തന്റെ ലക്ഷ്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞ കാര്യം ചന്ദ്രോത്ത് രേഖപ്പെടുത്തുന്നുണ്ട്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലബാർ കലാപം ഹിന്ദു-മുസ്‌ലിം സംഘർഷത്തിന്റേതാണെന്ന പ്രചാരണം രാജ്യത്തെമ്പാടും വന്നപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് വാരിയൻകുന്നത്ത് എഴുതിയ കത്ത് 'ദ ഹിന്ദു' പത്രം അടുത്ത കാലത്തുതന്നെ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഈ ആരോപണം വാരിയൻകുന്നത്ത് ശക്തമായി നിഷേധിക്കുന്നുണ്ട്. ഇ. മൊയ്തു മൗലവിയുടെ ആത്മകഥയിലും വാരിയൻകുന്നത്തിനെ വർഗീയവാദിയായി ചിത്രീകരിക്കുന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ്‌വിരുദ്ധ നിലപാട് സ്വീകരിക്കുകയും മതരാഷ്ട്രവാദത്തെ എതിർക്കാനും വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ടുനിൽക്കുകയും ചെയ്തതാണ് വാരിയൻകുന്നത്തിന്റെ പാരമ്പര്യമെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്-മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

TAGS :

Next Story