Quantcast

വി.ഡി സതീശൻ ഒന്നാം പ്രതി; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ കേസ്

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    20 Dec 2023 5:16 PM GMT

VD Satheesan 1st defendant; Case in Youth Congress protest
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ.ആർ ക്യാമ്പിൽ നിന്ന് ചാടിപ്പോയതിനുൾപ്പെടെ അഞ്ച് കേസുകളാണ് എടുത്തിരിക്കുന്നത്.

സംഭവത്തിൽ നേരത്തേ തന്നെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അവസാന നിമിഷം കേസിൽ മാറ്റം വരുത്തുകയായിരുന്നു. 30 പ്രതികൾക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരിച്ചടിക്കാൻ ഞങ്ങൾക്കുമറിയാം എന്ന പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. 'പൊലീസ് അനാവശ്യ പ്രകോപനം ഉണ്ടാക്കുന്നു. ക്രൂരമായ മർദനമാണ് പ്രവർത്തകർക്ക് നേരെ ഉണ്ടായതെന്നും വി.ഡി സതീശൻ മീഡിയവണിനോട് പറഞ്ഞു.പെൺകുട്ടികളെ വരെ അപമാനിച്ചു. എസ്‌.ഐ ഒരു പെൺകുട്ടിയുടെ വസ്ത്രം വരെ വലിച്ചുകീറി. വിഷമിച്ചുനിൽക്കുന്ന പ്രവർത്തകരുടെ മുന്നിലേക്ക് വീണ്ടും പ്രകോപനമുണ്ടാക്കി പൊലീസ് എന്തിനാണ് വരുന്നത്. വീണ്ടും പ്രകോപനമുണ്ടാക്കി സംഘർഷമുണ്ടാക്കാനോ? ഡി.സി.സി ഓഫീസിന് മുന്നിലെന്തിനാണ് പൊലീസ്? ഇവിടെ ഞങ്ങൾക്ക് പൊലീസ് സെക്യൂരിറ്റിയുടെ ആവശ്യമില്ല. ഇതിനകത്തേക്ക് ഒരാളും കയറുകയുമില്ല.എത്ര ദിവസമായി ഞങ്ങൾ ക്ഷമിക്കുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ടു. എത്ര പ്രവർത്തകർക്കാണ് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും പൊലീസിന്റേയും മർദനമേറ്റത്. ഇനിയും ക്ഷമിക്കാനാവില്ല. പ്രതിരോധിക്കും. അടിച്ചാൽ തിരിച്ചടിക്കും. ഇതുവരെ പറഞ്ഞത് ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്നാണ്. പക്ഷേ അവർ മർദനമേറ്റുവാങ്ങുകയല്ലേ. അവരെ സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങൾക്കില്ലേ. അതിന്റെ തുടർച്ചയാണ് ഇന്ന് തിരുവനന്തപുരത്ത് കണ്ടതെന്നും ഇനി വരാൻ പോകുന്ന ദിവസങ്ങളിലും അത് തന്നെയായിരിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

രണ്ട് മണിക്കൂറോളം നീണ്ട തെരുവുയുദ്ധത്തിനാണ് സെക്രട്ടറിയേറ്റ് പരിസരം ഇന്ന് ഉച്ചയ്ക്കു ശേഷം സാക്ഷ്യം വഹിച്ചത്. നവകേരളാ സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ കല്യാശേരി മുതൽ കൊല്ലം വരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും ഡിവൈഎഫ്‌ഐ പ്രവർത്തകരും നടത്തിയ അതിക്രമത്തിന് എതിരെയായിരുന്നു ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആയിരക്കണക്കിന് പ്രവ്രർത്തകരാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്.



TAGS :

Next Story