പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോഡ്; 31 പേരുമായി മുഖ്യമന്ത്രി മുന്നിൽ, ചീഫ് വിപ്പിന് 16 സ്റ്റാഫുകൾ
മന്ത്രിമാർക്കും ക്യാബിനറ്റ് റാങ്കുള്ളവർക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സർക്കാർ നിയമിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് നിയമനം റെക്കോഡിലേക്ക്. വി.ഡി സതീശൻ സർക്കാർ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്സണൽ സ്റ്റാഫുകളെ. മന്ത്രിമാർക്കും ക്യാബിനറ്റ് റാങ്കുള്ളവർക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സർക്കാർ നിയമിച്ചിട്ടുള്ളത്. 31 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് മുഖ്യമന്ത്രി തന്നെയാണ് പട്ടികയിൽ മുന്നിലുള്ളത്.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയാണ് പിണറായി സര്‍ക്കാര്‍ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചതെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശന്‍ ഉന്നയിച്ചിരുന്നു. സതീശന്‍ മുഖ്യമന്ത്രി ആയപ്പോഴും സ്ഥിതിയില്‍ മാറ്റമില്ല. യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലും ജംബോ നിയമനങ്ങളാണ് നടക്കുന്നത്.
489 സ്റ്റാഫുകളുടെ നിയമനം ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. നിയമനം ഇനിയും അവസാനിച്ചിട്ടില്ല. 31 പേരെ നിയമിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെയാണ് മുന്നിലുള്ളത്. 27 സ്റ്റാഫുകളുമായി എന്‍. ഷംസുദ്ദീനും കെ.മുരളീധരനും തൊട്ടുപിന്നില്‍. 26 പേര്‍ വീതമായി സണ്ണി ജോസഫും രമേശ് ചെന്നിത്തലയുമുണ്ട്. നിയമനം പൂര്‍ത്തിയാക്കാത്ത ടി. സിദ്ദീഖിന് 12 സ്റ്റാഫുകളുണ്ട്.
ഭരണച്ചുമതലകളൊന്നുമില്ലാത്ത ചീഫ് വിപ്പിന് അനുവദിച്ചത് 16 പേഴ്സണൽ സ്റ്റാഫുകളാണ്. സ്റ്റാഫുകളുടെ പെൻഷനുള്ള സർവീസ് പരിധി ഉയർത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെങ്കിലും 2021 ലെ പഴയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 400ല്‍ താഴെ പേഴ്സണല്‍ സ്റ്റാഫുകളാണുണ്ടായിരുന്നത്.
Adjust Story Font
16

