'കോണ്‍ഗ്രസ് വേറിട്ട് നില്‍ക്കുന്ന പ്രസ്ഥാനമെന്ന് തെളിയിക്കും': രാഹുൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കേണ്ടിവരുമെന്ന സൂചന നല്‍കി വി.ഡി സതീശന്‍
എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിലപാട് കൂടി തള്ളിക്കളഞ്ഞാണ് വി.ഡി സതീശന്റെ നീക്കം.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടി മാത്രമാണെന്ന് സതീശൻ തുറന്നടിച്ചു. എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിലപാട് കൂടി തള്ളിക്കളഞ്ഞാണ് വി.ഡി സതീശന്റെ നീക്കം.
സംഘടന നടപടിയിൽ എല്ലാം അവസാനിപ്പിക്കാനായിരുന്നു ആദ്യ നീക്കം. രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ ആ ഘട്ടം പിന്നിട്ടു. എന്നാൽ കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെ എംഎൽഎ സ്ഥാനത്ത് നിന്ന് കൂടി രാജിവെപ്പിക്കണമെന്ന ആവശ്യം ഉയർന്നു.
വി.ഡി സതീശൻ അടക്കം ഒരു വിഭാഗം ഇതിന് ഒപ്പമാണ്. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാഹുലിൻ്റെ രാജി ആദ്യ ഘട്ടമാണെന്നും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും സതീശൻ പരസ്യമായി സൂചന നൽകിയത്. കോൺഗ്രസ് വേറിട്ട പ്രസ്ഥാനമാണെന്ന് തെളിയിക്കുമെന്ന സതീശൻ്റെ പ്രഖ്യാപനവും കടുത്ത നടപടികളെന്ന സൂചനയാണ് നല്‍കുന്നത്.
മാത്രമല്ല ആരോപണം ഉന്നയിച്ച നടിക്കെതിരായ വി.കെ ശ്രീകണ്ഠൻ്റെ പരാമർശങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിലാണ് സതീശൻ തള്ളിയത്. ഇതും പാർട്ടിക്കും അണികൾക്കും വ്യക്തമായി സന്ദേശം നൽകിയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നഭിപ്രായമുണ്ട്. എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിനോട് കോൺഗ്രസ് ഹൈക്കമാൻഡും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യത്തിൽ കെപിസിസി നേതൃത്വവും യോജിക്കുന്നില്ല എന്നാണ് വിവരം. കേസ് പോലും ഇല്ലാതിരിക്കെ രാജി വെക്കുന്നത് അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്നാണ് ഇവരുടെ പക്ഷം. അതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെങ്കിൽ കോൺഗ്രസിനകത്ത് സമവായം രൂപപ്പെടണം. അതിന് സമയം എടുക്കാനാണ് സാധ്യത.
Adjust Story Font
16

