വിഴിഞ്ഞം ഉദ്‌ഘാടനം; വി.ഡി സതീശൻ പങ്കെടുത്തേക്കില്ല
അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നു കൊടുക്കേണ്ടതില്ലെന്ന് പാർട്ടി വിലയിരുത്തൽ

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുത്തേക്കില്ല. വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്ന് കോൺഗ്രസിൽ പൊതുവികാരം ഉണ്ട്. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നു കൊടുക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി. പാർട്ടി നേതാക്കളുമായി ചർച്ചചെയ്ത് ഇന്ന് അന്തിമതീരുമാനം എടുക്കും.
വിവാദങ്ങൾക്ക് പിന്നാലെയാണ് വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് വി.ഡി സതീശന് ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വാദം. വിഴിഞ്ഞം ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു.
വിഴിഞ്ഞം ഉദ്ഘാടനം സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടിയാണോയെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദര്‍ശനവും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നതും സര്‍ക്കാരിനെ യുഡിഎഫ് ഓര്‍മ്മിപ്പിക്കുന്നു. പിന്നാലെയാണ് തുറമുഖ മന്ത്രിയുടെ കത്ത് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്.
Adjust Story Font
16

