Quantcast

'പൊലീസിന്റേത് മാപ്പർഹിക്കാത്ത ജാഗ്രതക്കുറവ്, മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കും'; വി.ഡി സതീശൻ

'കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരു പൊലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്'

MediaOne Logo

Web Desk

  • Updated:

    2023-04-06 09:00:05.0

Published:

6 April 2023 8:14 AM GMT

VD Satheesan on Kerala Police security breach
X

തിരുവനന്തപുരം: ട്രെയിൻ തീവയ്പ്പ് കേസിൽ പൊലീസിന്റേത് മാപ്പർഹിക്കാത്ത ജാഗ്രതക്കുറവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരു പൊലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അക്രമ സംഭവത്തിൽ അങ്ങേയറ്റം ഉദാസീനമായാണ് കേരള പൊലീസ് പെരുമാറിയതെന്നും സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

പ്രതിയെ പിടിച്ചത് കേരള പൊലീസിന്റെ മികവാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

വി.ഡി സതീശന്റെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം;

സംസ്ഥാനത്തെ നടുക്കിയ ട്രെയിൻ തീവയ്പ്പ് കേസിൽ കേരള പൊലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായത്. ഞായറാഴ്ച രാത്രി 9.30 നാണ് ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഷാരൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനിൽ തന്നെ യാത്ര തുടർന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്‌സാക്ഷി മൊഴികൾ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രെയിന്‍ വന്നിറങ്ങിയ കണ്ണൂർ റെയിൽവേ സ്റ്റഷനിലോ ഒരു പൊലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്. ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പൊലീസ് അലർട്ട് പോലുമുണ്ടായില്ല. റെയിൽവേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കര്യമായ പരിശോധന നടത്തിയിരുന്നെങ്കിൽ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയിൽ കിട്ടുമായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ എറണാകുളം - അജ്മീർ മരുസാഗർ എക്‌സ്പ്രസിൽ കണ്ണൂരിൽ നിന്ന് ഷാറൂഖ് സെയ്ഫി യാത്ര തുടർന്നു. കാര്യക്ഷമായ പൊലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കിൽ കേരള അതിർത്തി കടക്കും മുൻപ് പ്രതിയെ പിടികൂടാമായിരുന്നു.

ചരിത്രത്തിൽ ഇതുവരെയില്ലാത്ത അക്രമ സംഭവത്തിൽ സംസ്ഥാനം ഞെട്ടിത്തരിച്ചിരിക്കുമ്പോൾ അങ്ങേയറ്റം ഉദാസീനമായാണ് കേരള പൊലീസ് പെരുമാറിയത്. പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്റെ ചെയ്തികൾ. സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ പോലീസിന് കഴിഞ്ഞില്ലെന്നത് മാപ്പർഹിക്കാത്ത തെറ്റാണ്.

ബുധനാഴ്ച പുലർച്ചെ രത്‌നഗിരിയിൽ പിടിയിലായ പ്രതിയെ അവിടെയെത്തി കോഴിക്കാട്ടേക്ക് കൊണ്ടുവന്നു എന്നത് മാത്രമാണ് കേരള പൊലീസ് ആകെ ചെയ്തത്. അതിനിടെ കണ്ണൂരിൽ വച്ച് പ്രതിയുമായി വന്ന വാഹനം തകരാറിലായി ഒന്നര മണിക്കൂർ റോഡിൽ കിടന്നു. എത്ര ലാഘവത്തോടെയാണ് പൊലീസ് ഇക്കാര്യം കൈകാര്യം ചെയ്തത് എന്നതിന് കൂടുതൽ തെളിവുകളുടെ ആവശ്യമില്ല. പ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട് പൊതുസമൂഹം ചിരിക്കും.

TAGS :

Next Story