Quantcast

രാമക്ഷേത്രത്തെക്കുറിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം സംഘർഷം ഒഴിവാക്കാൻ- വി.ഡി സതീശൻ

ഭിന്നിപ്പ് ഒഴിവാക്കാനാണ് താനടക്കമുള്ളവർ ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Feb 2024 5:47 AM GMT

രാമക്ഷേത്രത്തെക്കുറിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം സംഘർഷം ഒഴിവാക്കാൻ- വി.ഡി സതീശൻ
X

തൃശ്ശൂർ: രാമക്ഷേത്രത്തെക്കുറിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം സംഘർഷം ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭിന്നിപ്പ് ഒഴിവാക്കാനാണ് താനടക്കമുള്ളവർ ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നായിരുന്നു സാദിഖലി തങ്ങൾ മുസ്‌ലിം ലീഗ് പരിപാടിയിൽ പ്രസംഗിച്ചത്.

രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം.

ബാബരി മസ്ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിംകൾക്ക് കഴിഞ്ഞു. മുസ്ലിംകൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളത്തിലാണ് സഹിഷ്ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകർപ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദാണെങ്കിലും രാജ്യം മൊത്തം ഉറ്റുനോക്കിയത് കേരളത്തിലേക്കായിരുന്നു. അയോധ്യയിൽ കർസേവകരും ചില ഭീകരവാദികളും അസഹിഷ്ണുതയുടെ കതീന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം, സാദിഖലി തങ്ങളുടെ പ്രസംഗത്തിനെതിരെ ഐ.എൻ.എൽ രംഗത്തെത്തി. 'ആർ.എസ്.എസിന്റെ രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ആത്മീയ ഹിന്ദു മതം. അതായത് ഗാന്ധിയുടെ രാമരാജ്യമല്ല ആർ.എസ്.എസിന്റെ രാമരാജ്യം. ഇതറിയാത്തവരുമല്ല രാഷ്ട്രീയ നേതാക്കൾ, എന്നിട്ടും എന്തിനാണ് അണികളെ മണ്ടന്മാരാക്കുന്നത്? ഈ നിലപാടിനെ ലീഗ് അണികൾ അംഗീകരിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല' സാദിഖലി തങ്ങളുടെ വിവാദ പ്രസംഗം പങ്കുവെച്ച് ഐ.എൻ.എൽ നേതാവ് എൻ.കെ അബ്ദുൽ അസീസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

TAGS :

Next Story