Quantcast

വി.എസ്: രണ്ടക്ഷരംകൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭൂപ്രശ്‌നങ്ങളിലും അനധികൃത ഭൂമി ഇടപാടുകൾക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകൾക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വി.എസും നിന്നെന്നാണ് താൻ കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-07-21 11:50:51.0

Published:

21 July 2025 5:11 PM IST

വി.എസ്: രണ്ടക്ഷരംകൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്
X

തിരുവനന്തപുരം: രണ്ടക്ഷരംകൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്. അത് വി.എസ് ആസ്വദിച്ചുവെന്നും തോന്നിയിട്ടുണ്ട്.

പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് മറ്റൊരു മുഖം നൽകിയ നേതാവ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുൻനിരയിൽ നിൽക്കുകയും പിന്തുണക്കുകയും ചെയ്തു. കൊക്കകോളക്ക് എതിരായ സമരം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി സംരക്ഷണത്തിനുവേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി.എസ് ഭാ​ഗഭാക്കായി.

നിയമസഭക്കകത്തും പുറത്തും മൂർച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികൾക്കും പുറമെ സ്വന്തം പാർട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതിൽ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയിൽ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ ആ പരിമിതിയെ വി.എസ് പരിഗണിച്ചതേയില്ല.

പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും താൻ അടുത്തറിയാൻ ശ്രമിച്ചയാളാണ് വി.എസ്. 2006 മുതൽ 2011 വരെ അന്നത്തെ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ അതിന്റെ മുൻനിരയിൽ ഞങ്ങളെല്ലാമുണ്ടായിരുന്നു. ഭൂപ്രശ്‌നങ്ങളിലും അനധികൃത ഭൂമി ഇടപാടുകൾക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകൾക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വി.എസും നിന്നെന്നാണ് താൻ കരുതുന്നത്. ഉദാഹരണത്തിന് എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. വി.എസ് അതിൽ ഇടപെട്ടു. ഭൂമി സർക്കാരിൽ തന്നെ നിലനിർത്തി. ഒരു നിയമസഭാംഗമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഇടപെടലിന് താൻ നന്ദി പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന നിങ്ങൾക്ക് നന്ദി പറയുന്നെന്നായിരുന്നു വി.എസിന്റെ മറുപടി.

ലോട്ടറി വിവാദം ഉൾപ്പെടെ കേരളരാഷ്ട്രീയം വലിയ തോതിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ പ്രതിപക്ഷത്തെ പിന്തുണക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ലെന്നും പ്രതിപക്ഷനേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനുമായിരുന്നു വി.എസ് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ‌എംഎൽഎ പറഞ്ഞു. തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. കുടുംബത്തിന്റെയും പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് ‌കൂട്ടിച്ചേർത്തു.

TAGS :

Next Story