മംഗളൂരുവിലെ സംഘ്പരിവാർ ആൾക്കൂട്ടക്കൊല: കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വി.ഡി സതീശൻ
'കർണാടക സർക്കാരുമായി ബന്ധപ്പെടും'

തിരുവനന്തപുരം: മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഷ്‌റഫിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആണ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്.
മർദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം ആഗ്രവാൾ പറഞ്ഞു. ഇയാളുമായുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന്റെ തുടക്കം.
കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. പ്രതികൾ ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകരാണ്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.
Adjust Story Font
16

