'പത്താംതീയതി അമിത് ഷായുടെ വസതിയിൽ എന്ത് ഡീലാണ് സംഭവിച്ചത്? കൂടെയുള്ള മന്ത്രിമാരോട് എന്ത് കള്ളത്തരമാണ് കാണിക്കുന്നത്' വി.ഡി സതീശൻ
ഉണ്ണികൃഷ്ണൻ പോറ്റി കുടുങ്ങിയാൽ ഇവരെല്ലാവരും കുടുങ്ങുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ പോറ്റിയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചുവെന്നും സതീശൻ ആരോപിച്ചു

വി.ഡി സതീശൻ Photo: MediaOne
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പിടിയിലായ പോറ്റിക്കുവേണ്ടി ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റി കുടുങ്ങിയാൽ ഇവരെല്ലാവരും കുടുങ്ങുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ പോറ്റിയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചുവെന്നും സതീശൻ ആരോപിച്ചു.
'പോറ്റി കുടുങ്ങിയാൽ ഇവരെല്ലാവരും കുടുങ്ങും. അതുകൊണ്ടാണ് ഇവർ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നത്. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ അയ്യപ്പന്റെ തങ്ക വിഗ്രഹവും പോയേനെ.' സതീശൻ കുറ്റപ്പെടുത്തി.
'പിഎം ശ്രീയിൽ ഒരിക്കലും ഒപ്പുവെക്കരുതെന്ന് സിപിഐ മന്ത്രിമാർ പറഞ്ഞപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചു. എം.എ ബേബി വിധേയനെ പോലെ നിൽക്കുകയാണ്. പത്താംതീയതി അമിത് ഷായുടെ വസതിയിൽ എന്ത് ഡീലാണ് സംഭവിച്ചത്? കൂടെയുള്ള മന്ത്രിമാരോട് എന്ത് കള്ളത്തരമാണ് കാണിക്കുന്നത്'. സീതാറാം യെച്ചൂരി ഉണ്ടായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ആരാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള എസ്ഐടി സംഘത്തിന്റെ ചെന്നൈയിലെ തെളിവെടുപ്പും പുരോഗമിക്കുകയാണ്. സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിൽ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപവും കട്ടിളയും കൊണ്ടുപോയി ഉരുക്കി സ്വർണം വേർതിരിച്ചെടുത്തത് ചെന്നൈയിലായിരുന്നു. സ്വർണപ്പാളികളിൽ ഏകദേശം 1567 ഗ്രാം സ്വർണമുണ്ടായിരുന്നെന്നാണ് യുബി ഗ്രൂപ്പ് പറയുന്നത്. ഇത് ഉരുക്കിയപ്പോൾ ഒരു കിലോയോളം സ്വർണം കുറവുണ്ടായിരുന്നു. ഇതിൽ എന്തൊക്കെ അട്ടിമറികളും ക്രമക്കേടും ഉണ്ടായെന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായാണ് തെളിവെടുപ്പ്
Adjust Story Font
16

