ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കും: വി.ഡി സതീശൻ
സർക്കാരും സിപിഎമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്ന സമരാഭാസങ്ങൾക്ക് പിന്നിലെന്ന് സതീശൻ പറഞ്ഞു.

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഷാഫിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ അസഭ്യവർഷവും സമരാഭാസവും ജനാധിപത്യവിരുദ്ധവും മര്യാദകേടുമാണ്. സിപിഎമ്മിന്റെ നുണപ്രചാരണങ്ങളും വ്യാജസ്‌ക്രീൻ ഷോട്ടുകളും തള്ളിക്കളഞ്ഞ് വടകരയിലെ ജനങ്ങൾ ഉജ്ജ്വല ഭൂരിപക്ഷത്തിൽ തിരഞ്ഞെടുത്ത ജനപ്രതിനിധിയും കെപിസിസി വർക്കിങ് പ്രസിഡന്റുമാണ് ഷാഫി.
പിണറായി വിജയൻ സർക്കാരും സിപിഎമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇത്തരം സമരാഭാസങ്ങൾക്ക് പിന്നിൽ. ഇതിനൊക്കെ അതേ നാണയത്തിൽ മറുപടി നൽകാൻ കോൺഗ്രസിനും യുഡിഎഫിനും അറിയാമെന്നത് മറക്കരുത്. ഷാഫിക്കെതിരെ സിപിഎം നടത്തുന്ന മൂന്നാംകിട നാടകം തുടർന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളിൽപ്പെട്ട എൽഡിഎഫ് നേതാക്കളും റോഡിലിറങ്ങില്ല. ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയന് നേരെയാണ് സിപിഎം പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
Adjust Story Font
16

