അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം:'സർക്കാർ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു,പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്'; വി.ഡി സതീശൻ
സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണെന്നും സതീശന്‍

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തില്‍ സർക്കാർ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപനം നടത്തുന്നത് പ്രാചരണത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണെന്നും സതീശന്‍ പറഞ്ഞു.
'അതീവ ദരിദ്രർ ഇല്ലെന്ന് പറയുന്നത് കള്ളമാണ്. എൽഡിഎഫിന്റെ പ്രകടനപത്രികയിൽ പരമ ദരിദ്രർ നാലര ലക്ഷം ഉണ്ടെന്നാണ് പറഞ്ഞത്.അത് പദ്ധതിയായപ്പോൾ 64,000 ആയി മാറി. പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിൽ എന്താണ് വ്യത്യാസം? സർക്കാരിന്‍റെ മാനദണ്ഡം വ്യക്തമല്ല.5.96000 അതിദരിദ്രർ ഉണ്ട്. അഗതികൾ ആയിട്ടുള്ള ആളുകൾ പോലും സർക്കാരിൻറെ ലിസ്റ്റിൽ ഇല്ല.സര്‍ക്കാര്‍ പാവപ്പെട്ടവരെ വെച്ച് രാഷ്ട്രീയപ്രചാരണം നടത്തുകയാണ്'.സതീശന്‍ പറഞ്ഞു.
'നാലര കൊല്ലം ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരാഴ്ച നിൽക്കേ ക്ഷേമ പെൻഷൻ കൂട്ടി.കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. സത്യം മറച്ചുവച്ചുകൊണ്ടാണ് ദരിദ്രർ കേരളത്തിൽ ഇല്ല എന്ന പ്രഖ്യാപനം നടത്തുന്നത്.സർക്കാർ ഇതിൽ നിന്ന് പിന്മാറണം. അതീവ ദരിദ്രർ ഇല്ല എന്ന ലിസ്റ്റ് തെറ്റാണെന്ന് നിയമസഭയിൽ അടക്കം ഞങ്ങൾ പറഞ്ഞിട്ടുണ്ട്.നാളെ എന്തുവേണമെന്ന് യുഡിഎഫ് യോഗം കൂടി ചേർന്ന് തീരുമാനിക്കും'..സതീശന്‍ പറഞ്ഞു.
അതേസമയം,അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. ജനപങ്കാളിത്ത പ്രക്രിയയിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയത്.2021 മുതൽ ഇതുമായി ബന്ധപ്പെട്ട പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് വിദഗ്ധർ സർക്കാരിനോട് ചോദ്യമുന്നയിച്ചത്.ചോദ്യങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും എം.ബി രാജേഷ് ആരോപിച്ചു.
Adjust Story Font
16

