'മുന്‍മന്ത്രിയും ഗണ്‍മാനും വിഷയം പെരുപ്പിച്ച് കാണിച്ചു'; വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി
കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എസ്‌ഐടിയുടെ റിപ്പോര്‍ട്ട്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീണാ ജോര്‍ജും ഗണ്‍മാനും വിഷയം പെരുപ്പിച്ച് കാണിച്ചു. കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമാണുണ്ടായതെന്നും ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവ സ്ഥലത്ത് വെച്ച് കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മിലെ ഉന്തും തള്ളലിലുമായിരിക്കും മന്ത്രിയുടെ കഴുത്തിലെ വേദനയെന്നാണ് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ മുന്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴി പിന്നീട് തിരുത്തിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്ന് വധശ്രമമെന്ന രീതിയില്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം എസ്‌ഐടിയോട് പറഞ്ഞിരുന്നു. കൂടാതെ, അന്നത്തെ ടൗണ്‍ എശ്‌ഐ ദീപ്തിയുടെ പേരില്‍ വ്യാജമായി മൊഴിയുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കള്ളമൊഴി നല്‍കിയ ഗണ്‍മാന്‍ അഭിലാഷിനും വ്യാജമൊഴി നിര്‍മിച്ച സംഭവത്തിലും സേനയുടെ മുഖം രക്ഷിക്കുന്നതിനും അച്ചടക്കം ഉറപ്പാക്കുന്നതിനുമായി ഡിജിപിക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ 16 ദിവസത്തോളം ജയിലില്‍ കിടന്നിരുന്നു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.
watch video report:
Adjust Story Font
16

