വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; കാലം പറഞ്ഞ കഥ എന്ന സിനിമയുടെ നാളത്തെ റിലീസ് മാറ്റിവെച്ചു
സെൻസർ ബോർഡ് സ്ക്രീനിങ് പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിയത്

എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ നാളത്തെ റിലീസ് മാറ്റിവെച്ചു. സെൻസർ ബോർഡ് സ്ക്രീനിങ് പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിയത്.
സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സിനിമയുമായി കേസിന് ബന്ധം എന്താണെന്ന് ഹൈക്കോടതി ആവർത്തിച്ചു. റിലീസിന് മുൻപായി സിനിമയുടെ ട്രെയിലർ കാണാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഫെബ്രുവരി 8 ന് വീണ്ടും പരിഗണിക്കും.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ ഹരജി ഹരജി നൽകിയിരുന്നു. സിനിമ പുറത്തുവന്നാൽ അത് മാധ്യമവിചാരണക്ക് കാരണമാകുമെന്നും അഫാന്‍റെ ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കൂടാതെ, കേസിന്‍റെ വിചാരണ നടക്കുന്നിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹരജിയിലുണ്ടായിരുന്നു.
2025 ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അഫാൻ ആണ് ഏക പ്രതി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.
പ്രതി അഫാനെതിരെ അമ്മ ഷെമി മൊഴി നല്‍കിയിരുന്നു..'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു.പിന്നീട് ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പൊലീസിന് മൊഴി നല്‍കിയിരുന്നു.കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ച പരിക്കായിരുന്നു എന്നാണ് ഷമി ആദ്യം മൊഴി നല്‍കിയിരുന്നത്. ജയിലില്‍ കഴിയവെ അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

