'അഫ്സാന്‍റെ ശരീരത്തിൽ ടി ആകൃതിയിൽ മുറിവ്, ഫര്‍സാനയുടെ തലയ്ക്ക് തുടര്‍ച്ചയായി ചുറ്റിക കൊണ്ടടിച്ചു'; അരുംകൊലയുടെ ക്രൂരത വെളിപ്പെടുത്തി ഇൻക്വസ്റ്റ് റിപ്പോർട്ട്
ഉമ്മക്കെതിരായ അക്രമവും എല്ലാം അഫാന്‍റെ ക്രൂരത വെളിവാക്കുന്നതാണ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല നടത്തിയ പ്രതിയുടെ ക്രൂരത വെളിവാക്കുന്നതാണ് ഇൻക്വസ്റ്റിലെ വിവരങ്ങൾ. കൊലപാതകിയുടെ സഹോദരന്‍റെ ശരീരത്തിലെ ടി ആകൃതിയിലുള്ള മുറിവും വനിതാ സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ചതും പ്രതിയുടെ ഉമ്മക്കെതിരായ അക്രമവും എല്ലാം അഫാന്‍റെ ക്രൂരത വെളിവാക്കുന്നതാണ്. പോസ്റ്റുമോർട്ടത്തിലൂടെ ഇതിൽ കൂടുതൽ വ്യക്തത ഉണ്ടാകും.
ഇഷ്ടപ്പെട്ട ആഹാരം വാങ്ങിക്കൊടുത്താണ് സഹോദരന്‍ അഫ്സാനെ കൊലപാതകി അഫാൻ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ പൊലീസ് പോലും ക്രൂരകൃത്യം കണ്ടു ഞെട്ടി.സഹോദരന്‍റെ തലയ്ക്കുചുറ്റും അഫാൻ മുറിവുകളുണ്ടാക്കിയിട്ടുണ്ട്.തലയുടെ ഒരു വശത്ത് ടി ആകൃതിയിൽ ആയിരുന്നു ഒരുമുറിവ്. മൂന്നു മുറിവിനും നല്ല ആഴവും ഉണ്ട് . ചെവിയിലും വലിയ മുറിവേറ്റിട്ടുണ്ട്.
പെൺ സുഹൃത്തായ ഫർസാനയുടെ മുറിവ് നെറ്റിയിലാണ്. തുടർച്ചയായി ചുറ്റികകൊണ്ട് നെറ്റിയിൽ അടിച്ചു എന്നാണ് പൊലീസിന്‍റെ നിഗമനം. കൊലപാതകിയുടെ പിതാവിന്‍റെ ഉമ്മയായ സൽമാബീവിയുടെ തലയുടെ പിൻഭാഗത്തായിരുന്നു ആഴത്തിലുള്ള മുറിവ്. കൊല്ലപ്പെട്ട ലത്തീഫിന്‍റെ വീട്ടിൽ പിടിവലി നടന്നുവെന്നും പൊലീസിന്‍റെ ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്'. നെഞ്ചിന് മുകളിലേറ്റ മുറിവാണ് ലത്തീഫിന്‍റെയും ഭാര്യയുടെയും മരണകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.
കൂട്ടകൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ കൊലപാതകങ്ങളും ഒരേ രീതിയിലാണ് പ്രതി അഫാൻ നടത്തിയതെന്നും കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെടുത്തെന്നും ഐജി ശ്യാം സുന്ദരൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ രക്ത പരിശോധനയിൽ വ്യക്തമാകുമെന്നും ഐജി വ്യക്തമാക്കി.
Adjust Story Font
16

