വെഞ്ഞാറമൂട് കൂട്ടക്കൊല: പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ്
മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ കിരൺ രാജഗോപാൽ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പൊലീസ് പറയുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാൻ്റെ കുടുംബം കടക്കണിയിലും ആഡംബര ജീവിതം നയിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. പിതാവിൻറെ കടബാധ്യതയ്ക്കപ്പുറം കുടുംബവും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിവെച്ചു. വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് പ്രാഥമികമായ മൊഴിയെടുപ്പിൽ പൊലീസ് കണ്ടെത്തൽ. പിതാവിൻറെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചു. ബുള്ളറ്റ് ഉള്ളപ്പോൾ മറ്റൊരു ബൈക്ക് അഫാൻ വാങ്ങിയത് ബന്ധുക്കൾക്ക് എതിർത്തു. ഇത് അടക്കമുള്ള കാര്യങ്ങളിൽ അഫാന് ബന്ധുക്കളോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിർപ്പും കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കുള്ള തീരുമാനത്തിലെത്തിച്ചു. എന്നാൽ ആത്മഹത്യ ശ്രമത്തിൽ ആരെങ്കിലും രക്ഷപ്പെട്ടാൽ അവർ ഒറ്റപെടുമെന്നും സമൂഹത്തിൽ ക്രൂശിക്കപ്പെടുമെന്ന ബോധ്യമാണ് എല്ലാവരെയും കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് അഫാനെ എത്തിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് പറയുന്നത്. ഫർസാനയുടെ സ്വർണവും അഫാൻ പണയം വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തറിയാതിരിക്കാൻ ആണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും അഫാൻ മൊഴി നൽകി.
പൊലീസ് മൊഴി പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ കൂടുതൽ വ്യക്തത വരു. രണ്ടുപേരുടെയും മൊഴി നാളെ രേഖപ്പെടുത്താനാണ് സാധ്യത.
അതേസമയം,മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ കിരൺ രാജഗോപാൽ അറിയിച്ചു. തലയിൽ മുറിവുകളുണ്ടെന്നും കഴുത്തിൽ ചെറിയ രീതിയിലുള്ള നിറവ്യത്യാസമുണ്ടെന്നും സ്ഥിരീകരിച്ചു. പൂർണമായി അപകടനില തരണം ചെയ്തെന്ന് പറയാൻ കഴിയില്ലെന്നും പൊലീസിന് മൊഴി കൊടുക്കാൻ കഴിയുന്ന ആരോഗ്യവസ്ഥയിലാണെന്നും ഡോകടർ മാധ്യമങ്ങളോട് പറഞ്ഞു. സംസാരിച്ചപ്പോൾ ബന്ധുക്കളെയൊക്കെ അന്വേഷിച്ചതായും കൂട്ടിച്ചേർത്തു.
Adjust Story Font
16

