വെഞ്ഞാറമൂട് കൂട്ടക്കൊല; നിർണായക നീക്കവുമായി പൊലീസ്, ഷെമിയുടെ മൊഴി ഇന്നെടുക്കും
ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കാരണം കണ്ടെത്താനുള്ള നിർണായക നീക്കവുമായി പൊലീസ്. പ്രതി അഫാനിൽ നിന്നും ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അമ്മ ഷെമിയിൽ നിന്നും ഇന്ന് മൊഴിയെടുക്കും.
ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംസാരിക്കുന്ന കാര്യത്തിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് ഉച്ചയോടെ ഷെമിയുടെ മൊഴി രേഖപ്പെടുത്തും. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയതിനുശേഷം ആയിരിക്കും അഫാൻ്റെ മൊഴി രേഖപ്പെടുത്തുക. ഫോണിലെ ശാസ്ത്രീയ പരിശോധന ഫലമടക്കം പൊലീസ് കാത്തിരിക്കുകയാണ്.
കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക ബാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അഫാന്‍റെ മൊഴി ശരിവക്കുന്നതാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. അഫാൻ്റെ കുടുംബം കടക്കണിയിലും ആഡംബര ജീവിതം നയിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. പിതാവിന്‍റെ കടബാധ്യതയ്ക്കപ്പുറം കുടുംബവും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിവെച്ചു. വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് പ്രാഥമികമായ മൊഴിയെടുപ്പിൽ പൊലീസ് കണ്ടെത്തൽ. പിതാവിന്‍റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചു. ബുള്ളറ്റ് ഉള്ളപ്പോൾ മറ്റൊരു ബൈക്ക് അഫാൻ വാങ്ങിയത് ബന്ധുക്കൾക്ക് എതിർത്തു. ഇതടക്കമുള്ള കാര്യങ്ങളിൽ അഫാന് ബന്ധുക്കളോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു.
കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിർപ്പും കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കുള്ള തീരുമാനത്തിലെത്തിച്ചു. കൂട്ട ആത്മഹത്യയിൽ ആരെങ്കിലും രക്ഷപ്പെടുമോ എന്ന ചിന്തയാണ് അഫാനെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് കരുതുന്നു. ഫർസാനയുടെ സ്വർണവും അഫാൻ പണയം വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തറിയാതിരിക്കാൻ ആണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിന് പ്രാഥമികമായി മൊഴി നൽകി. എന്നാൽ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്ന അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ കൂടുതൽ വ്യക്തത വരൂ.
Adjust Story Font
16

