Quantcast

ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘ്പരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷം: മുഖ്യമന്ത്രി

''വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ''

MediaOne Logo

Web Desk

  • Published:

    6 Oct 2025 3:26 PM IST

ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘ്പരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാന്‍ അഭിഭാഷകന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഘ്പരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നായിരുന്നു സംഭവത്തില്‍ പിണറായി വിജയന്റെ പ്രതികരണം. ബഹു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന അക്രമ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത്. ബഹു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നു.

സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്.

വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ. ആർഎസ്എസും അതിൻ്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിൻ്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിൽ ഇന്നുണ്ടായത്.

ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും.

TAGS :

Next Story