Quantcast

'സുഹൃത്ത് വഴി രണ്ട് പവൻ സ്വർണം കൈമാറി'; ശബരിമല കൊടിമര പുനർനിർമാണ കേസില്‍ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

സുരേഷ് ഗോപിയാണ് സ്വർണം സ്പോൺസർഷിപ്പ് ചെയ്യാനുള്ള അവസരത്തെക്കുറിച്ച് അറിയിച്ചതെന്നും മൊഴി

MediaOne Logo

Web Desk

  • Published:

    27 Feb 2026 1:09 PM IST

സുഹൃത്ത് വഴി രണ്ട് പവൻ സ്വർണം കൈമാറി; ശബരിമല കൊടിമര പുനർനിർമാണ കേസില്‍ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു
X

തിരുവനന്തപുരം: ശബരിമല കൊടിമര നിർമാണത്തിൽ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കുന്ന വിജിലൻസ് സംഘം നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു. കൊടിമര നിർമ്മാണത്തിന് സ്വർണം നൽകിയിരുന്നതായി ഇരുവരും വിജിലൻസിനെ അറിയിച്ചു. രണ്ടു പവൻ സ്വർണമാണ് മോഹൻലാൽ നൽകിയത്.

2017 -ൽ പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് ശബരിമലയിലെ പഴയ കൊടിമരം മാറ്റി പുതിയത് നിർമ്മിച്ചത്. നടൻ മോഹൻലാലും സ്വർണം സംഭാവന നൽകിയിരുന്നു . ഇതിനെത്തുടർന്നാണ് മോഹൻലാലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്. നടൻ സുരേഷ് ഗോപിയാണ് സ്വർണം സ്പോൺസർഷിപ്പ് ചെയ്യാനുള്ള അവസരത്തെക്കുറിച്ച് അറിയിച്ചത്. കേട്ടപ്പോൾ സ്വർണം നൽകാൻ താല്പര്യമുണ്ടായി. സുഹൃത്തുക്കളെയാണ് ഇതിനായി താൻ ചുമതലപ്പെടുത്തിയത്. ഇവരാണ് തനിക്ക് വേണ്ടി സ്വർണം വാങ്ങി ശബരിമലയിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും താൻ സൂക്ഷിച്ചിട്ടില്ലെന്നും മോഹൻലാൽ അന്വേഷണസംഘത്തോടെ പറഞ്ഞു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പരിപാടികൾക്ക് എത്തിയപ്പോഴാണ് വിജിലൻസ് മോഹൻലാലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. നടൻ ദിലീപിന്റെ മൊഴി കൊച്ചിയിലെത്തിയാണ് ഉദ്യോഗസ്ഥർ എടുത്തത്. സ്വർണം നൽകിയിരുന്നതായി ദിലീപും അറിയിച്ചു. 27 പേർ സ്വർണം സംഭാവന ചെയ്തതായി രേഖകളിലുണ്ട്. ഇതിൽ നാലുപേരുടെ മൊഴി കൂടി രേഖപ്പെടുത്താൻ ഉണ്ട്. വൈകാതെ ഇവരുടെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് അഭിഭാഷക കമ്മീഷണർ കുറുപ്പിനെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്.

ദേവസ്വം ബോർഡിൻറെ നിബന്ധനകൾക്ക് വിരുദ്ധമായി അഭിഭാഷക കമ്മീഷണർ സ്വർണം സ്വീകരിച്ചെന്നും തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പിന് തെളിവ് ലഭിച്ചാൽ കേസെടുക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായ ഭരണസമിതിയാണ് പഴയ കൊടിമരം മാറ്റി പുതിയത് നിർമ്മിച്ചത്.


TAGS :

Next Story