'ബിസ്മിറിന് ഓക്സിജനും നെബുലൈസേഷനും നൽകി'; ചികിത്സാപ്പിഴവ് നിഷേധിച്ച് വിളപ്പിൽശാല മെഡിക്കൽ ഓഫീസർ
ബിസ്മിറിനെ ചികിത്സിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.എൽ.രമ മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരായ ചികിത്സാപ്പിഴവ് ആരോപണം നിഷേധിച്ച് വിളപ്പിൽ ശാല മെഡിക്കൽ ഓഫീസർ . ബിസ്മിറിനെ ചികിത്സിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.എൽ.രമ മീഡിയവണിനോട് പറഞ്ഞു.
19 -ാം തിയതി പുലർച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് ഓക്സിജൻ വെന്‍റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകി. 16-ാം തിയതി ഇയാൾ ശ്വാസ തടസത്തെതുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നെന്നും ഫിസിഷ്യനെ കാണിക്കാൻ ഡോക്ടർ അന്നു തന്നെ നിർദേശം നൽകിയിരുന്നെന്നും ഡോ എൽ രമ മീഡിയവണിനോട് പറഞ്ഞു.
അതേസമയം ചികിത്സാപ്പിഴവ് ആരോപണത്തിൽ കുടുംബം ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയേക്കും. ഇ-മെയിൽ മുഖേനയായിരിക്കും കുടുംബം പരാതി നൽകുക.
ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19 ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
ഗേറ്റ് അടച്ചത് പട്ടി അകത്ത് കയറാതിരിക്കാനാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയ കുടുംബം ഇന്ന് ഡിഎംഒക്കും പരാതി നൽകിയേക്കും. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് ഡയക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

