തെരഞ്ഞെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ അക്രമ സംഭവം; സർവ്വകക്ഷി യോഗം വിളിച്ച് എഡിഎം
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പയ്യന്നൂരിന്റെ വിവിധ മേഖലകളിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായത്

പയ്യന്നൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എഡിഎം വിളിച്ച സർവ്വകക്ഷി യോഗം ആരംഭിച്ചു. പയ്യന്നൂർ താലൂക്ക് ഓഫീസിൽ നടക്കുന്ന യോഗത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് തുടരുന്ന അശാന്തിക്ക് അറുതി വരുത്താനും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ധാരണയുണ്ടാക്കാനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പയ്യന്നൂരിന്റെ വിവിധ മേഖലകളിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവർക്ക് നേരെ ആസൂത്രിതമായ നീക്കം നടക്കുന്നു എന്ന പരാതികൾക്കിടയിലാണ് ഈ യോഗം നടക്കുന്നത്.
അക്രമങ്ങൾ ഇവിടംകൊണ്ടും അവസാനിച്ചിരുന്നില്ല. ഇന്നലെ രാത്രി പേരൂർ എന്ന സ്ഥലത്ത് വി. കുഞ്ഞികൃഷ്ണന്റെ അനുയായിയായ എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടന്നു. കൂടാതെ കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകൾ നശിപ്പിക്കുകയും മതിൽക്കെട്ട് ഇടിച്ചുതകർക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം അനിശ്ചിതമായ അക്രമങ്ങൾ പയ്യന്നൂരിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സത്യപാലൻ, കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ സന്നിഹിതരാണ്. സമാധാന പ്രക്രിയയിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൂർണ പിന്തുണ തേടുകയാണ് എഡിഎം. അക്രമങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

