Quantcast

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം: 3,000 പേർക്കെതിരെ കേസെടുത്തു; 1,000 പൊലീസിനെ വിന്യസിച്ചു

അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയച്ചില്ലെങ്കിൽ പൊലീസുകാരെ കത്തിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-28 06:17:10.0

Published:

28 Nov 2022 3:27 AM GMT

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം: 3,000 പേർക്കെതിരെ കേസെടുത്തു; 1,000 പൊലീസിനെ വിന്യസിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ അക്രമസംഭവങ്ങളിൽ കടുത്ത നടപടിയുമായി പൊലീസ്. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ കേസെടുത്തു. സ്ഥലത്ത് ആയിരത്തിലേറെ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ഗുരുതരമായ കുറ്റങ്ങളാണ് സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിൽ ആരുടെയും പേര് ചേർത്തിട്ടില്ല. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സംഘം പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പൊലീസിനെ സമരക്കാർ ബന്ദിയാക്കിയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയച്ചില്ലെങ്കിൽ പൊലീസുകാരെ കത്തിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചു. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

അക്രമം നടന്ന വിഴിഞ്ഞത്ത് അതീവ സുരക്ഷ ഏർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയത്. ആയിരം പൊലീസുകാരെ അധികമായി ഇവിടെ വിന്യസിച്ചു. അഞ്ച് ജില്ലകളിൽനിന്നായാണ് പൊലീസുകാരെ എത്തിച്ചത്.

അതിനിടെ, വിഴിഞ്ഞം സംഘർഷത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത നാലുപേരെ വിട്ടയച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ഇന്നലത്തെ ചർച്ചയിൽ ഇക്കാര്യം തീരുമാനമായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത സെൽട്ടൻ റിമാൻഡിലാണ്.

ഏതു ചർച്ചകയ്ക്കും സഭ തയാറാണെന്ന് വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. എല്ലാ കാര്യങ്ങളും സമാധാനപരമായി അവസാനിക്കണമെന്നാണ് ആഗ്രഹം. തുടർകാര്യങ്ങളെല്ലാം ആലോചിച്ച ശേഷം തീരുമാനിക്കും. താൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കണമെന്നും പെരേര കൂട്ടിച്ചേർത്തു.

സമരക്കാരുമായി ഇന്ന് വീണ്ടും സമാധാന ചർച്ച നടക്കും. സർവകക്ഷി യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 36 പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Summary: A case has been filed against 3,000 people who were seen in the attack on the police station in Vizhinjam yesterday

TAGS :

Next Story