Quantcast

"നിലനിൽപ്പിനുള്ള സമരമാണ്, ഒറ്റക്കെട്ടായി മുന്നേറണം": പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ സഭ

'കടൽത്തീരത്ത് ജീവിക്കാനും മത്സ്യബന്ധനം നടത്താനുമുള്ള അവകാശം ഭരണഘടനാപരമാണ്'

MediaOne Logo

Web Desk

  • Updated:

    2022-08-28 03:33:56.0

Published:

28 Aug 2022 2:35 AM GMT

നിലനിൽപ്പിനുള്ള സമരമാണ്, ഒറ്റക്കെട്ടായി മുന്നേറണം: പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ സഭ
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കുലർ ലത്തീൻ സഭ പള്ളികളിൽ വായിച്ചു.നിലനിൽപ്പിനുള്ള സമരമാണ് നടത്തുന്നതെന്നും വിഭജനശ്രമങ്ങളിൽ വീഴാതെ എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്നും സർക്കുലറിൽ പറഞ്ഞു.

"വിവിധ സംഘടനകൾ,രൂപതാ അധ്യക്ഷന്മാർ,രൂപതാ അംഗങ്ങൾ തുടങ്ങിയവർ നൽകുന്ന പിന്തുണ വലുതാണ്. അവരെ ഓരോരുത്തരെയും നന്ദിപൂർവം അനുസ്മരിക്കുന്നു. നാം നടത്തിക്കൊണ്ടിരിക്കുന്നത് നിലനിൽപ്പിനുള്ള സമരമാണ്. വിഴിഞ്ഞം തുറമുഖ നിർമാണവും കടൽ നികത്തലും നമ്മുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിന് വടക്ക് വലിയ വേളി വരെ വലിയ തീരശോഷണമുണ്ടാവുകയും ധാരാളം വീടുകൾ തകർന്ന് ഇപ്പോഴും മനുഷോജിതമല്ലാത്ത ക്യാംപുകളിൽ മുന്നൂറിലേറെ കുടുംബങ്ങൾ കഴിയുകയാണ്.

വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖം തകർച്ചയുടെ വക്കിലാണ്. ഇതിനകം തിരയിളക്കത്തിൽ വള്ളം മറിഞ്ഞ് അഞ്ച് മരണങ്ങളുണ്ടാവുകയും ധാരാളം മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുകയും ചെയ്തു.

വിഴിഞ്ഞം ഇടവകയിലെ ജനങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാതെ റെയിൽപാത നിർമിക്കാൻ വീടുകളിൽ കയറി കുറ്റിയടിച്ചു. വലിയ കടപ്പുറം മുതൽ പൂവാർ വരെ കപ്പൽ ചാനലിന്റെ പേരിൽ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് മത്സ്യബന്ധനം തടസ്സപ്പെടുത്താനുള്ള നിഗൂഢനീക്കം ആരംഭിച്ചു കഴിഞ്ഞു. കൊല്ലംകോട്, പരുത്തിയൂർ ഇടവകകളിൽ തീരശോഷണം കാരണം അനേകം വീടുകൾ കടലെടുത്തു.

മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമിച്ച പുലിമുട്ട് കാരണം അമ്പതിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടു. താഴമ്പള്ളി,പൂത്തുറ,അഞ്ചുതെങ്ങ് മാമ്പള്ളി ഇടവകകളിൽ ധാരാളം വീടുകൾ കടലെടുത്തു. മത്സ്യസമ്പുഷ്ടമായ തിരുവനന്തപുരം കടലിലെ പുലിമുട്ട് നിർമാണവും ഡ്രഗിങ്ങും കാരണം കടലിന്റെ ആവാസ വ്യവസ്ഥയിൽ മത്സ്യസമ്പത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മണ്ണെണ്ണ വിലകാരണവും കാലാവസ്ഥാ മുന്നറിയിപ്പ് കാരണവും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവാത്ത സ്ഥിതി സംജാതമായി.

മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടെങ്കിലും ചില കാര്യങ്ങൾ നടത്താമെന്ന് പറഞ്ഞതല്ലാതെ നാം ആവശ്യപ്പെട്ട മുഖ്യകാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ മടിക്കുന്ന സാഹചര്യത്തിൽ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതി അംഗങ്ങൾ നിർദേശിച്ചത്. നമുക്ക് കടൽത്തീരത്ത് ജീവിക്കാനും മത്സ്യബന്ധനം നടത്താനുമുള്ള അവകാശം ഭരണഘടനാപരമാണ്. ആയതിനാൽ തുടർന്നുള്ള സമരപരിപാടികളിലും എല്ലാവരും ആത്മാർഥമായി പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

തെറ്റായ ആരോപണങ്ങളുന്നയിച്ച് പലരും നമ്മെ പിന്തിരിപ്പിക്കാനും വിഭജിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളിലകപ്പെടാതെ തിരുവനന്തപുരത്തെയും കേരളത്തിലാകമാനവുമുള്ള മത്സ്യത്തൊഴിലാളി സമൂഹവും നമുക്ക് പിന്തുണ നൽകുന്ന എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു. ആഗസ്റ്റ് 31വരെ നടത്താൻ നിശ്ചയിച്ചിരുന്ന സമരപരിപാടികളുമായി മുന്നോട്ടു പോകും". സർക്കുലറിൽ പറഞ്ഞു.

TAGS :

Next Story