Quantcast

ഇന്നത്തെ പാര്‍ലമെന്‍റിന്‍റെ ദുരവസ്ഥ രാജ്യത്തിനു തന്നെ അപമാനകരം,കേരള നിയമസഭയുടെ അവസ്ഥയും വ്യത്യസ്തമല്ല: വി.എം സുധീരന്‍

പാര്‍ലമെന്‍ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെ

MediaOne Logo

Web Desk

  • Published:

    22 March 2023 6:54 AM GMT

vm sudheeran
X

വി.എം സുധീരന്‍

പാവങ്ങളുടെ പടത്തലവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ.കെ ഗോപാലന്‍റെ 46-ാം ചരമവാര്‍ഷികത്തില്‍ ഓര്‍മ്മക്കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കെ.എസ്.യു പ്രസിഡന്‍റായിരിക്കെ എം.എല്‍.എ ഹോസ്റ്റലില്‍വച്ച് എ.കെ.ജി.യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് സുധീരന്‍ കുറിച്ചു.

പ്രതിപക്ഷ ശബ്ദത്തിന് അര്‍ഹമായ പരിഗണന നല്‍കിയ ജവഹര്‍ലാല്‍ നെഹ്രുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ.കെ.ജി.യും തങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ പാര്‍ലമെന്‍റിന്‍റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വി.എം സുധീരന്‍റെ കുറിപ്പ്

ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ വേര്‍പാടിന് 46-ാം വര്‍ഷമായി.

കോണ്‍ഗ്രസിന് 364 എം.പി.മാര്‍ ഉണ്ടായിരുന്ന ആദ്യ ലോക്‌സഭയില്‍ 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എ.കെ.ജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നല്‍കി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണ്. പ്രതിപക്ഷ ശബ്ദത്തിന് അര്‍ഹമായ പരിഗണന നല്‍കിയ ജവഹര്‍ലാല്‍ നെഹ്രുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ.കെ.ജി.യും തങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ പാര്‍ലമെന്‍റിന്‍റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ജനാധിപത്യ അവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ പാര്‍ലമെന്‍റിന്‍റെ ദുരവസ്ഥ രാജ്യത്തിനു തന്നെ അപമാനകരമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരള നിയമസഭയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമല്ല.

ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും പാര്‍ലമെന്‍റും നിയമസഭയും നേരാവണ്ണം പ്രവര്‍ത്തിക്കാനും പാര്‍ലമെന്‍ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെ.കെ.എസ്.യു പ്രസിഡന്‍റായിരിക്കെ എം.എല്‍.എ. ഹോസ്റ്റലില്‍വച്ച് എ.കെ.ജി.യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രിയപ്പെട്ട എ.കെ.ജിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.

TAGS :

Next Story