Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്; വിവിധയിടങ്ങളിൽ പണിമുടക്കി വോട്ടിങ് യന്ത്രങ്ങൾ

പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് നിശ്ചിത സമയത്ത് തുടങ്ങാൻ കഴിയാത്തതും, ആരംഭിച്ചയിടങ്ങളിൽ യന്ത്രങ്ങൾ പാതിവഴിയിൽ നിലച്ചതും വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു

MediaOne Logo

Web Desk

  • Published:

    9 April 2026 8:09 AM IST

നിയമസഭാ തെരഞ്ഞെടുപ്പ്; വിവിധയിടങ്ങളിൽ പണിമുടക്കി വോട്ടിങ് യന്ത്രങ്ങൾ
X

കോഴിക്കോട്: സംസ്ഥാനത്ത് പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ ജില്ലകളിൽ വ്യാപകമായി വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് നിശ്ചിത സമയത്ത് തുടങ്ങാൻ കഴിയാത്തതും, ആരംഭിച്ചയിടങ്ങളിൽ യന്ത്രങ്ങൾ പാതിവഴിയിൽ നിലച്ചതും വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പുരവൂർ 62-ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് പുതിയ മെഷീൻ എത്തിക്കേണ്ടി വന്നു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ തിരുവള്ളൂർ 9, ആലുംമൂട് 26 എന്നീ ബൂത്തുകളിലും വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. വാമനപുരം മണ്ഡലത്തിലെ ആനാട് എസ്എൻവിഎച്ച്എസിലെ 218-ാം നമ്പർ ബൂത്തിൽ പോളിങ് തുടങ്ങിയെങ്കിലും സാങ്കേതിക തകരാർ മൂലം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.

കൊല്ലം ജില്ലയിൽ പുനലൂർ മണ്ഡലത്തിലെ നെടുമ്പാറ 174-ാം നമ്പർ ബൂത്തിലും കുണ്ടറ പെരുമ്പുഴ സ്കൂളിലെ 81-ാം നമ്പർ ബൂത്തിലും വോട്ടിങ് തടസപ്പെട്ടു. കൊല്ലം മണ്ഡലത്തിലെ കണ്ടച്ചിറ എസ്എൻഡിപി സ്കൂളിലെ 43-ാം നമ്പർ ബൂത്തിലും പരിശോധനകൾ നടക്കുകയാണ്. ആലപ്പുഴയിലെ ഹരിപ്പാട് മണ്ഡലത്തിൽ പലയിടങ്ങളിലും സമാനമായ പരാതികൾ ഉയർന്നു. പള്ളിപ്പാട് സ്കൂളിലെ 70-ാം നമ്പർ ബൂത്തിൽ തകരാറിലായ മെഷീൻ ഉടൻ മാറ്റണമെന്ന് സി.കെ. ഹരീന്ദ്രൻ ആവശ്യപ്പെട്ടു.

വടക്കൻ കേരളത്തിൽ മലപ്പുറം കൊണ്ടോട്ടി മണ്ഡലത്തിലെ എളമരം 55-ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടിങ് മുടങ്ങി. എന്നാൽ കോഴിക്കോട് അത്തോളി ഗവ. മാപ്പിള സ്കൂളിലെ 203-ാം ബൂത്തിൽ യന്ത്രം പണിമുടക്കിയെങ്കിലും 20 മിനിറ്റിനുള്ളിൽ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനായത് ആശ്വാസമായി. പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.

TAGS :

Next Story