Quantcast

കേരളമാകെ മുഴങ്ങുന്നു... കണ്ണേ കരളേ വി.എസ്സേ...

സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-07-22 03:06:47.0

Published:

22 July 2025 6:42 AM IST

കേരളമാകെ മുഴങ്ങുന്നു... കണ്ണേ കരളേ വി.എസ്സേ...
X

തിരുവനന്തപുരം: കണ്ണേ കരളേ വിഎസേ എന്ന് മുദ്രാവാക്യമാണ് കേരളമാകെ മുഴങ്ങുന്നത്. വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍. പോരാട്ടത്തിന്റെ ആചാര്യനെ ഹൃദയങ്ങളില്‍ സ്മരിക്കുകയാണ് മലയാളികള്‍. സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ദുഃഖാചരണം ആചരിക്കും.

ചെങ്കനല്‍ താണ്ടിക്കടന്ന സഖാവിന് എകെജി സെന്ററില്‍ അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങളാണ്. രാവിലെ 9 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.നാളെ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം നടത്തും. ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രം വിഎസിന്റെ ചരിത്രം കൂടിയാണ്. നായനാര്‍ക്കുശേഷമുള്ള കഴിഞ്ഞ 20 വര്‍ഷത്തോളം കേരളത്തില്‍ ഇടതിന്റെ താര പ്രചാരകന്‍ ആരെന്നതിന്റെ ഒറ്റയുത്തരമായിരുന്നു വിഎസ്.

'കമ്യൂണിസ്റ്റായി ജീവിച്ചു, ഇനി മരിക്കുന്നതും കമ്യൂണിസ്റ്റുകാരനായി തന്നെയായിരിക്കും' ഇതാണ് വി.എസിന്റെ ഉറച്ച നിലപാട്. വി.എസിന്റെ ശരീരത്തിനെയോ മനസ്സിനെയോ കരിയിച്ചുകളയാന്‍ പോരുന്ന ഒരു അഗ്‌നികുണ്ഠവും ആ വിപ്ലവ ജീവിതത്തില്‍ ബാക്കിയായിരുന്നില്ല. വീരേതിഹാസം രചിച്ച വിപ്ലവകാലത്തെ 23-കാരന്‍ ഏഴു പതിറ്റാണ്ടിനിപ്പുറവും ആബാലവൃദ്ധം മലയാളികളുടേയും വിപ്ലവ ബോധത്തിന്റെയും രാഷ്ട്രീയ പ്രതിബദ്ധതയുടേയും ജീവനുള്ള, കാവല്‍വിളക്കായി നിലകൊള്ളുന്നുവെങ്കില്‍ നാമത് സമ്മതിക്കേണ്ടി വരും. വിപ്ലവകാരിക്ക് മരണമില്ല.

TAGS :

Next Story