Quantcast

വി.എസ് എന്ന രണ്ടക്ഷരം; വിട പറഞ്ഞത് സമര കേരളത്തിന്റെ പോരാളി

നിലപാടുകൾ കൊണ്ടും കൂടെയുള്ള മനുഷ്യരെ ചേർത്തുപിടിച്ച അവർക്ക് വേണ്ടി പോരാട്ടം നടത്തിയ നേതാവ് കൂടിയായിരുന്നു വി.എസ് അച്യുതാനന്ദൻ

MediaOne Logo

Web Desk

  • Updated:

    2025-07-21 10:46:00.0

Published:

21 July 2025 4:13 PM IST

വി.എസ് എന്ന രണ്ടക്ഷരം; വിട പറഞ്ഞത് സമര കേരളത്തിന്റെ പോരാളി
X

ആലപ്പുഴ: രാജ്യത്തെ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവ്, സമര കേരളത്തിന്റെ പോരാളി, വി.എസ് എന്ന രണ്ടക്ഷരത്തിൽ മലയാളി ഹൃദയത്തോട് ചേർത്ത് നിർത്തിയ നായകൻ... വി.എസ് അച്യുതാനന്ദനെന്ന നേതാവിനെക്കുറിച്ച് പറയാൻ കേരളക്കരക്ക് ഒരുപാടുണ്ടാകും.

ഇ.കെ നായനാർക്ക് ശേഷം ഏറ്റവും ജനകീയനായ നേതാവായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. ആലപ്പുഴയിലെ പുന്നപ്രയിൽ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 നാണ് ജനിച്ചത്. നാലുവയസുള്ളപ്പോൾ വി.എസിന് അമ്മയെ നഷ്ടമായി. പിന്നീട് അച്ഛന്റെ സഹോദരിയാണ് വി.എസിനെ വളർത്തിയത്.1946 ലെ പുന്നപ്ര-വയലാർ സമര നായകന്മാരിൽ ഒരാളായിരുന്നു വി.എസ്. പൊലീസ് പിടിയിലായ വി.എസിന് ജയിലിൽ അതിക്രൂരമായ മർദനങ്ങളും ഏൽക്കേണ്ടിവന്നിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവായി വി.എസ് വളർന്നു. അവിടുന്നിങ്ങോട്ട് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനവും പ്രതിപക്ഷനേതാവ് പദവിയും അലങ്കരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ പദവിയിലായിരുന്നു വി.എസ് അച്യുതാനന്ദൻ. നൂറ്റാണ്ട് പിന്നിട്ട സമരജീവിതം അവസാനിപ്പിച്ച് 101-ാം വയസ്സിലാണ് വി.എസ് വിടവാങ്ങുന്നത്.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ

നിലപാടുകൾകൊണ്ടും കൂടെയുള്ള മനുഷ്യരെ ചേർത്തുപിടിച്ച അവർക്ക് വേണ്ടി പോരാട്ടം നടത്തിയ നേതാവ് കൂടിയായിരുന്നു വി.എസ് അച്യുതാനന്ദൻ. അദ്ദേഹമെടുത്ത നിലപാടുകൾ പലപ്പോഴും പാർട്ടിക്കുള്ളിൽ പോലും ചർച്ചയായി.നിരവധി തവണ അച്ചടക്ക നടപടികളും നേരിടേണ്ടി വന്നു. 1964 ലാണ് ആദ്യമായി വിഎസ് അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. 1998ൽ സിപിഎം കേന്ദ്രകമ്മിറ്റിയുടെ താക്കീതും 2007 ൽ സിപിഎമ്മിലെ വിഭാഗീയതയുടെ പേരിൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.2007 ൽ തിരിച്ചെടുത്ത വിഎസിനെ 2009 ൽ വീണ്ടും പിബിയിൽ നിന്ന് പുറത്താക്കി. ഏറ്റവും ഒടുവിലായി ടിപി ചന്ദ്രശേഖർ വധക്കേസിൽ പാർട്ടിക്കെതിരെയെടുത്ത നിലപാടുകളുടെ ഭാഗമായും ശാസന നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഉയർത്തിപ്പിടിച്ചാണ് വിഎസ് മുന്നോട്ട് പോയത്.

വിഎസും മൂന്നാർ ദൗത്യവും

മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വി.എസ് നടത്തിയ ഇടപെടൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. വെറും 28 ദിവസം കൊണ്ട് റവന്യൂ വകുപ്പിനെ നോക്കുകുത്തികളാക്കി വി.എസും സംഘവും മൂന്നാറിലെ 92 ഓളം അനധികൃത കെട്ടിടങ്ങൾ പൊളിച്ചടുക്കി. വിഎസിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം 16000ത്തോളം ഏക്കർഭൂമി കയ്യേറ്റക്കാരിൽ നിന്ന് സർക്കാർ തിരിച്ച് പിടിക്കുകയും ചെയ്തു. ഒരു ഭരണാധികാരിയെന്ന നിലയിൽ വി.എസ് നടത്തിയ ഈ നീക്കം പിന്നീട് ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.

എന്നാൽ കേരളം ഏറ്റെടുത്ത ആ കയ്യേറ്റമൊഴിപ്പിക്കലിന് അധികം ആയുസുണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം.പാർട്ടിയും സിപിഐയും കൈവിട്ടതോടെ ദൗത്യം പതിയെ നിലച്ചു.സാധാരണക്കാരന്റെയും കർഷകരുടെയും ക്ഷേമം മുൻനിർത്തിയായിരുന്നു വി.എസിന്റെ പ്രവർത്തനങ്ങൾ പലതും.

TAGS :

Next Story