രേവന്ദ് റെഡ്ഡി തരത്തിൽ പോയി കളിക്കണം, അദ്ദേഹത്തിന്‍റെ രാഷ്ട്രീയ മണ്ടത്തരങ്ങൾ തെലങ്കാനയിൽ വെച്ചാൽ മതി: മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ വി.ശിവൻകുട്ടി
യുപിയിലോ ഗുജറാത്തിലോ ചെന്ന് രേവന്ദ് റെഡ്ഡി ഈ രീതിയില്‍ അധിക്ഷേപം നടത്തുമോയെന്നും ശിവന്‍കുട്ടി ചോദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വി.ശിവന്‍കുട്ടി. രേവന്ദിന്റെ രാഷ്ട്രീയ മണ്ടത്തരങ്ങള്‍ തെലങ്കാനയില്‍ വെച്ചാല്‍ മതിയെന്നും യുപിയിലോ ഗുജറാത്തിലോ ചെന്ന് അദ്ദേഹം ഈ രീതിയില്‍ അധിക്ഷേപം നടത്തുമോയെന്നും ശിവന്‍കുട്ടി ചോദിച്ചു. നേമം മണ്ഡലത്തില്‍ റെയില്‍വേ മെയില്‍ സര്‍വീസുകള്‍ വഴി സംശയാസ്പദമായ ചില ബോക്‌സുകള്‍ വന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ചു. പ്രസ്താവന ശരിയല്ല. അത് പിന്‍വലിക്കേണ്ടതുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് രേവന്ദ് റെഡ്ഡിക്ക് ഒരുപക്ഷേ അറിയണമെന്നില്ല. ആര്‍എസ്എസിനെതിരെ അതിശക്തമായി പോരാടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രേവന്ദിന്റെ രാഷ്ട്രീയ മണ്ടത്തരങ്ങള്‍ തെലങ്കാനയില്‍ വെച്ചാല്‍ മതി. യുപിയിലോ ഗുജറാത്തിലോ ചെന്ന് രേവന്ദ് റെഡ്ഡി ഈ രീതിയില്‍ അധിക്ഷേപം നടത്തുമോ? രേവന്ദ് റെഡ്ഡി തരത്തില്‍ പോയി കളിക്കണം. പിണറായി വിജയന്റെ രാഷ്ട്രീയ പാരമ്പര്യം പഠിക്കണം'. ശിവന്‍കുട്ടി വ്യക്തമാക്കി.
'നേമം മണ്ഡലത്തില്‍ ബിജെപിയുടെ വാദങ്ങള്‍ക്കും ശിവന്‍കുട്ടി മറുപടി നല്‍കി. നുണപ്രചാരണം കൊണ്ട് വിജയം നേടാമെന്നുള്ളത് വ്യാമോഹം മാത്രം. സംവാദത്തിന് വിളിച്ചിട്ടും രാജീവ് ചന്ദ്രശേഖര്‍ തയ്യാറായില്ല. മണ്ഡലത്തിലുടനീളം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലൂള്ള കാര്യങ്ങളാണ് ബിജെപി അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഇവിടെ വികസനങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ബിജെപി പുറത്തിറക്കിയ നോട്ടീസ് പിന്‍വലിക്കണം. അല്ലെങ്കില്‍ അവര്‍ പരസ്യ സംവാദത്തിന് തയ്യാറാകണം. ബിജെപിയുടെ നോട്ടീസ് ആ സദസ്സില്‍ നമുക്ക് ചര്‍ച്ച ചെയ്യാം. നേമത്തെ വികസനവും ചര്‍ച്ചാ വിഷയമാക്കാം'. അദ്ദേഹം പറഞ്ഞു. നേമത്തെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളനം.
അതേസമയം, നേമം മണ്ഡലത്തില്‍ സംശയാസ്പദമായി വന്ന ബോക്‌സുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. 'ആര്‍എംഎസ് വഴി നാല് ബോക്‌സുകളാണ് നേമത്ത് വന്നിട്ടുള്ളത്. കൊണ്ടുവന്ന വാഹനത്തിന്റെ നമ്പര്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും കൈമാറിയിട്ടുണ്ട്. ബോക്‌സുകള്‍ വന്നത് സംബന്ധിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്. മണ്ഡലത്തില്‍ അടുത്ത കാലത്തായി യുപി രജിസ്്‌ട്രേഷന്‍ വാഹനങ്ങള്‍ ധാരാളമായി വന്നുപോകുന്നുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയങ്ങളില്‍ ഇടപെടണം'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

