Quantcast

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള തീരുമാനം; കള്ളന്റെ കൈയിൽ തന്നെ താക്കോൽ നൽകുന്ന നടപടി: വി.ടി ബൽറാം

' 2013കാലത്ത് മൻമോഹൻ സിംഗ് സർക്കാർ ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണ് സിപിഎമ്മുകാർ. '

MediaOne Logo

Web Desk

  • Published:

    25 Jan 2022 6:45 AM GMT

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള തീരുമാനം; കള്ളന്റെ കൈയിൽ തന്നെ താക്കോൽ നൽകുന്ന നടപടി: വി.ടി ബൽറാം
X

ലോകായുക്തയെ അപ്രസക്തമാക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചാൽ അത് കള്ളന്റെ കൈയിൽ താക്കോൽ ഏൽപ്പിക്കുന്നതിന് തുല്യമാണെന്ന് വി.ടി ബൽറാം പറഞ്ഞു.

ലോകായുക്തയെ വെറും ഉപദേശക സംവിധാനമാക്കി മാറ്റുകയാണ് കേരളത്തിലെ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർവകലാശാല നിയമന വിഷയങ്ങളിൽ മന്ത്രി ആർ ബിന്ദുവിനെതിരെയും ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ ലോകായുക്തയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ നിയമസഭയിൽ പോലും അവതരിപ്പിക്കാതെ തിരക്കുപിടിച്ച് ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പ്രധാന വകുപ്പുകൾ ഭേദഗതി ചെയ്ത് അധികാരം ഇല്ലാതാക്കുന്നതെന്ന് ബൽറാം ചൂണ്ടിക്കാട്ടി.

2013കാലത്ത് മൻമോഹൻ സിംഗ് സർക്കാർ ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണ് സിപിഎമ്മുകാരെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഈ തീരുമാനത്തിന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോ എന്ന് അവർ തന്നെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ടെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.

താനിരിക്കുന്ന പദവിയോട് അൽപ്പമെങ്കിലും ആത്മാർത്ഥതയും ബഹുമാനവും ഗവർണർക്കുണ്ടെങ്കിൽ ഈ ദുരുപദിഷ്ട ഓർഡിനൻസ് തിരിച്ചയക്കാൻ അദ്ദേഹം തയാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിൽ സർക്കാർ വ്യക്തമാക്കുന്നത്. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

TAGS :

Next Story