Quantcast

പിണറായി കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അന്വേഷിക്കണം- വി.ടി. ബൽറാം

'ജനാധിപത്യത്തിന്റെ വഴി അൽപ്പം ദുഷ്‌ക്കരമാണ്. എന്നാൽ അതല്ലാതെ ഒരാധുനിക സമൂഹത്തിന് മറ്റ് വഴിയില്ല എന്നതാണ് യാഥാർത്ഥ്യം.'

MediaOne Logo

Web Desk

  • Published:

    20 May 2022 1:00 PM GMT

പിണറായി കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അന്വേഷിക്കണം- വി.ടി. ബൽറാം
X

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് സുപ്രീംകോടതി (Supreme Court) നിയോഗിച്ച സമിതിയുടെ കണ്ടെത്തലിന് പിന്നാലെ കേരളത്തിലെ ഏറ്റുമുട്ടൽ കൊലകളും അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

കേരളത്തിൽ മാവോയിസ്റ്റുകളെന്ന പേരിൽ എട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തകരാണ് ഇക്കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 'ഏറ്റുമുട്ടൽ' കൊലപാതകങ്ങളിലൂടെ പെീലീസ് ഇല്ലാതാക്കിയതെന്നും ഇവയിൽ രണ്ട് പേർ സ്ത്രീകളായിരുന്നെന്നും ബൽറാം ചൂണ്ടിക്കാട്ടി.

ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയൽ തല അന്വേഷണങ്ങളുടെ റിപ്പോർട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സർക്കാർ ഭാഷ്യങ്ങൾക്കപ്പുറം സത്യം ഇന്നും ജനങ്ങൾക്ക് മുമ്പിൽ വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളേക്കുറിച്ചും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ടെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.

2019ലെ ഹൈദരാബാദ് ഏറ്റുമുട്ടൽ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് അന്ന് പോസ്റ്റ് ചെയ്ത തന്റെ കുറിപ്പും ബൽറാം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഹൈദരാബാദിലെ "ഏറ്റുമുട്ടൽ മരണ"ങ്ങൾ പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടലുകളാണ് എന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നു. പ്രതികളെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത നാല് മനുഷ്യരെയാണ് പോലീസ് വെടിവെച്ച് കൊന്നുതള്ളിയത്. മനുഷ്യാവകാശ പക്ഷത്തു നിന്നുകൊണ്ട് അന്നതിനെ എതിർത്തവരും പോലീസ് ഭാഷ്യത്തിൽ സംശയം പ്രകടിപ്പിച്ചവരുമൊക്കെ രൂക്ഷമായ സൈബറാക്രമണവും തെറിവിളിയുമൊക്കെയാണ് നേരിടേണ്ടി വന്നത്. അത്രത്തോളം വികലവും അരാഷ്ട്രീയപരവുമാണ് നമ്മുടെയിടയിലെ പൊതുബോധം. ഈയിടെയിറങ്ങിയ 'ജനഗണമന' സിനിമയൊക്കെ ഇങ്ങനെയുള്ള 'ഇൻസ്റ്റൻറ്റ് ജസ്റ്റീസി'ന്റെ അപകടങ്ങളെക്കുറിച്ച് സാമാന്യമായ ഒരവബോധം സൃഷ്ടിക്കുന്നതിൽ ഉപകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

കൊലപാതകികളായ പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടത്തിന് ആർജ്ജവമുണ്ടാകുമോ എന്നതാണ് ഇനിയറിയേണ്ടത്.

കേരളത്തിലും മാവോയിസ്റ്റുകളെന്ന പേരിൽ എട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തകരാണ് ഇക്കഴിഞ്ഞ ആറ് വർഷത്തിനിടയിൽ "ഏറ്റുമുട്ടൽ" കൊലപാതകങ്ങളിലൂടെ പോലീസ് ഇല്ലാതാക്കിയത്. ഇവയിൽ രണ്ട് പേർ സ്ത്രീകളായിരുന്നു. ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയൽ തല അന്വേഷണങ്ങളുടെ റിപ്പോർട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സർക്കാർ ഭാഷ്യങ്ങൾക്കപ്പുറം സത്യം ഇന്നും ജനങ്ങൾക്ക് മുമ്പിൽ വന്നിട്ടില്ല. കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളേക്കുറിച്ചും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ട്.

ജനാധിപത്യത്തിന്റെ വഴി അൽപ്പം ദുഷ്ക്കരമാണ്. എന്നാൽ അതല്ലാതെ ഒരാധുനിക സമൂഹത്തിന് മറ്റ് വഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

TAGS :

Next Story