'ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെതിരാണ് വഖഫ് ഭേദഗതി നിയമം'; ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ
വഖഫ് ദേദഗതി നിയമം നിരാകരിക്കുക എന്ന മുദ്രാവാക്യമുയർത്തി ജമാഅത്തെ ഇസ്ലാമി കേരള എറണാകുളത്ത് സമര ചത്വരം സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെതിരാണ് കേന്ദ്രം പാസാക്കിയ വഖഫ് ദേദഗതി ബില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി. വഖഫ് ദേദഗതി നിയമം നിരാകരിക്കുക എന്ന മുദ്രാവാക്യമുയർത്തി ജമാഅത്തെ ഇസ്ലാമി കേരള എറണാകുളത്ത് സംഘടിപ്പിച്ച സമര ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് ജെപിസി അംഗം കൂടിയായ മൊഹിബ്ബുള്ള നദ്‌വി എംപി മുഖ്യാതിഥിയായി. യുഡിഎഫ് കൺവീനർ എം.എം ഹസൻ ഉൾപ്പെടെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രുമഖർ പരിപാടിയിൽ പങ്കെടുത്തു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ചെറുത്തുനില്‍പ്പിന്‍റെ ആവശ്യതയും തുടര്‍ പ്രതിഷേധങ്ങളെ കുറിച്ചുളള ഓര്‍മപ്പെടുത്തലുമാണ് എറണാകുളത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ ഉയര്‍ന്നുവന്നത്.
ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാജ്യത്ത് സമഗ്രാധിപത്യം നേടാനുളള സംഘ്പരിവാര്‍ ശ്രമത്തിന്‍റെ ഭാഗമാണ് വഖഫ് ഭേദഗതി നിയമമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി അഭിപ്രായപ്പെട്ടു. സുപ്രിംകോടതിയില്‍ പ്രതീക്ഷയർപ്പിച്ച് സമ്പൂര്‍ണ നീതി പുലരുന്നത് വരെ വഖഫ് സംരക്ഷണ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്മാന്‍ പറഞ്ഞു.
മുസ്‌ലിം വേട്ടയാണ് വഖഫ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെപിസി അംഗവും സമാജ് വാദി പാർട്ടി നേതാവുമായ മൊഹിബ്ബുള്ള നദ്‌വി എംപി അഭിപ്രായപ്പെട്ടു. ബില്ലിനെതിരായി പാര്‍ലമെന്‍റില്‍ ശക്തമായ നിലപാടെടുത്ത തമിഴ്നാട്ടില്‍ നിന്നുളള എം പി തോൽ തിരുമാവളനും പരിപാടിയല്‍ സംസാരിച്ചു.
രാജ്യത്തെ വിഭജിക്കാനുള്ള അജണ്ടയാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി, സാംസ്കാരിക രംഗത്തെ പ്രമുഖരായ ഫാ.പോൾ തേലക്കാട്, പ്രൊഫ. അരവിന്ദാക്ഷൻ, ഷമീർ മദീനി, വി.എച്ച് അലിയാർ ഖാസിമി, എം.ഐ അബ്ദുൾ അസീസ്, അഡ്വ.മുഹമ്മദ് ഷാ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത് സംസാരിച്ചു.
Adjust Story Font
16

