Quantcast

വഖഫ്​ ബോർഡ്​ ഡിവിഷനൽ ഓഫീസ്​: യാഥാർഥ്യമായത്​​ ദീർഘകാലത്തെ ആവശ്യം -എം.സി മായിൻ ഹാജി

‘വഖഫ്​ ബോർഡിന്​ തിരുവനന്തപുരത്തും സ്വന്തമായി ആസ്ഥാന മന്ദിരം വേണം’

MediaOne Logo

Web Desk

  • Published:

    15 Feb 2025 12:26 PM IST

വഖഫ്​ ബോർഡ്​ ഡിവിഷനൽ ഓഫീസ്​: യാഥാർഥ്യമായത്​​ ദീർഘകാലത്തെ ആവശ്യം -എം.സി മായിൻ ഹാജി
X

കോഴിക്കോട്​: ശനിയാഴ്ച​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം നിർവഹിച്ച സംസ്ഥാന വഖഫ്​ ബോർഡ്​ കോഴിക്കോട്​ ഡിവിഷനൽ ഓഫീസ്​ കെട്ടിടം ദീർഘകാലത്തെ ആവശ്യമായിരുന്നുവെന്ന്​ വഖഫ്​ ബോർഡ്​ അംഗം എം.സി മായിൻ ഹാജി. വഖഫ് ബോർഡിന് സ്വന്തമായി ഒരു ഓഫീസ് സമുഛയം തുറന്ന് കൊടുക്കുമ്പോൾ, നീണ്ടനാളത്തെ പ്രവർത്തനത്തിന് സമ്പൂർണമായും ഭാഗമാവാൻ കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തെക്കൻ കേരളത്തിലെ ജില്ലകൾക്ക് കൂടി ഉപകരിക്കുമാറ് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്ന മഹിതമായ ആശയവും അഭിലാഷവും പങ്ക് വെക്കുകയാണെന്നും എം.സി മായിൻ ഹാജി പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

2008 നവംബറിലാണ് ഞാൻ ആദ്യമായി സംസ്ഥാന വഖഫ്​ ബോർഡിൽ മുതവല്ലി പ്രതിനിധിയുടെ ക്വാട്ടയിൽനിന്നും തെരഞ്ഞെടുത്ത അംഗമായി സ്ഥാനമേൽക്കുന്നത്. വഖഫ് ബോർഡിന് എറണാകുളത്തുള്ള ഹെഡ് ഓഫീസും കോഴിക്കോട് മേഖല ഓഫീസും മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളു. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള മലബാറിലെ ജില്ലകളിലുള്ള വഖഫ് സ്ഥാപനങ്ങളുടെ ഫയലുകൾ കൈകാര്യം ചെയ്തു

വരുന്നത് കോഴിക്കോട് മേഖല ഓഫീസിലും മറ്റു ജില്ലകളിലുള്ളത് എറണാകുളത്തുള്ള ഹെഡാഫീസിലുമായിരുന്നു. ബോർഡിൽ നിലവിൽ രജിസ്റ്റർ ചെയ്ത പതിമൂവ്വായിരത്തോളം വഖഫുകളിൽ എണ്ണായിരത്തോളം വഖഫുകൾ സ്ഥിതി ചെയ്യുന്നതും ആനുപാതികമായി വഖഫ് തർക്കങ്ങൾ ബോർഡ് മുമ്പാകെ എത്തുന്നതും മലബാറിലെ മേൽ പറഞ്ഞ ജില്ലകളിൽ നിന്നാണ് .

2006ൽ ബോർഡ് ചെയർമാനായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ കാലഘട്ടത്തിലാണ് എറണാകുളം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം ബോർഡിന് സ്വന്തമായുള്ള സ്ഥലത്ത് ആസ്ഥാന മന്ദിരമായി ഇന്ന് കാണുന്ന 4 നില കെട്ടിടം നിർമ്മിച്ച് തുറന്ന് കൊടുത്തത്. അതിന് മുമ്പ് ഇബ്രാഹിം സുലൈമാൻ സേഠ്​ ചെയർമാനും അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, കേന്ദ്ര മന്ത്രി എ.എ റഹീം, സികെപി ചെറിയ മമ്മൂക്കേയി എന്നിവർ അംഗങ്ങളായ ബോർഡ് സ്ഥാപിച്ച എറണാകുളത്തെ ബ്രോഡ് വേയിലുള്ള സ്വന്തം ഓഫീസ് കെട്ടിടം ഇപ്പോൾ വാടക ഇനത്തിൽ വഖഫ് ബോർഡിന് വലിയ മുതൽകൂട്ടാണ്. മലബാറിലെ വഖഫ് സ്ഥാപന ഭാരവാഹികൾ ആശ്രയിച്ചിരുന്ന മേഖല ഓഫീസ് കോഴിക്കോട് നഗരത്തിലെ വലിയങ്ങാടിയിലും കോൺവെന്‍റ്​ റോഡിലും ഇപ്പോഴുള്ള ബാങ്ക് റോഡിലും വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചുവന്നത്.

അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന മേഖല ഓഫീസിന് നഗരത്തിൽ സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തണം എന്ന ആശയം ബോർഡിൽ അംഗമായ ഞാൻ മുന്നോട്ടു വെച്ചപ്പോൾ അന്നത്തെ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ പൂർണ പിന്തുണ നൽകുകയും ചെയർമാനും ഞാനും ബോർഡിലെ എന്‍റെ സഹ മെമ്പറായിരുന്ന ഡോ. ഹുസയിൻ മടവൂരും അംഗങ്ങളായും ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന അഡ്വ. ബി.എം ജമാൽ എക്സ് ഒഫീഷ്യോ മെമ്പറായും ഒരു സബ് കമ്മിറ്റി രൂപീകരിക്കുകയും അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പരിശ്രമം ആരംഭിക്കുകയും ചെയ്തു.

നഗരത്തിലെ നിരവധി സ്ഥലങ്ങൾ കമ്മിറ്റി മുമ്പാകെ പരിഗണനക്ക് വന്നെങ്കിലും വഖഫ് ഭാരവാഹികൾക്കും ജീവനക്കാർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ മൊഫ്യുസിൽ ബസ് സ്റ്റാൻഡിൽനിന്നും KSRTC ബസ് സ്റ്റാൻഡിൽനിന്നും നടന്ന് എത്താൻ സൗകര്യമുള്ള കോർപറേഷൻ സ്റ്റേഡിയത്തിന് പിൻവശത്തായി ശ്രീ കണ്ഡേശ്വര ക്ഷേത്രത്തിന് സമീപം SK ടെമ്പിൾ റോഡിൽ 25 സെന്‍റ്​ വസ്തു ഓഫീസിന് അനുയോജ്യമെന്ന് വഖഫ് ബോർഡ് കണ്ടെത്തുകയും ആയത് ബോർഡ് വിലക്ക് വാങ്ങാൻ തീരുമാനിക്കുകയും 12.08.2010 ന് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുകയും ചെയ്തു.

2011ൽ ബാർ കൗൺസിലിൽനിന്നും ബോർഡ് അംഗമായി വന്നിരുന്ന അഡ്വ. ടി.കെ സൈതാലിക്കുട്ടി ബോർഡിന്‍റെ പുതിയ ചെയർമാനായി വരികയും, ബോർഡ് കെട്ടിട നിർമ്മാണത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കുകയും പ്രൊജക്ട് മാനേജ്മെന്‍റിന് കോഴിക്കോട് നഗരത്തിലെ പ്രമുഖ ആർകിടെക്ട് സ്ഥാപനമായ പി.സി റഷീദ് അസോസിയേറ്റ്സിനെ നിയോഗിക്കുകയും കെട്ടിടത്തിന്‍റെ ഡിസൈൻ തയ്യാറാകുന്നതിന് നിർദേശിക്കുകയും ചെയ്തു.

2013ൽ ആർക്കിടെക്ട് പി.സി റഷീദ് തയ്യാറാക്കിയ പ്ലാൻ കോഴിക്കാട് കോർപറേഷനിൽ സമർപ്പിക്കുകയും അനുമതി ലഭിക്കുന്നതിന് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിംഗ് നിരവധി സാങ്കേതികത്വങ്ങൾ ഉയർത്തിയത് പദ്ധതിയെ ബാധിച്ചു. നിലവിലെ ബോർഡിന്‍റെ കാലാവധി അവസാനിക്കുകയും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ ബോർഡ് നിലവിൽ വന്നപ്പോൾ, ഈ വിനീതനും മുത്തവല്ലി പ്രതിനിധി ക്വാട്ടയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ബോർഡ് അംഗമായി തുടരാൻ അവസരം ലഭിച്ചു. നിർമ്മാണാനുമതിക്കുള്ള ഫയൽ കോർപറേഷനിൽ സാങ്കേതികത്വം പരിഹരിക്കുന്നതിന് ബോർഡ് തീരുമാനിക്കുകയും 2016 വർഷം പാതിയോടെ പ്രവർത്തനം വീണ്ടും ചടുലമാവകയും ചെയ്തു.

എന്‍റെ സുഹൃത്തും കോർപറേഷൻ മേയറുമായിരുന്ന തോട്ടത്തിൽ രവീന്ദ്രനുമായി വിഷയം സംസാരിക്കുകയും ഫയൽ കോഴിക്കോട് റീജ്യണൽ ടൗൺ പ്ലാനർക്ക് കൈമാറുന്നതിനും നടപടിയായി. സോണിംഗ് റഗുലേഷനും ടൗൺ പ്ലാനിംഗ് സ്കീമിൽ ബോർഡ് വാങ്ങിയ സ്ഥലത്തിന്‍റെ സമീപത്തുള്ള റോഡിന്‍റെ വൈഡനിംഗും തെക്ക് ഭാഗത്ത് കൂടെ പഴയ ടൗൺ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്ത പുതിയ റോഡും പ്ലാൻ അംഗീകാരത്തിന് വീണ്ടും തടസ്സം സൃഷ്ടിച്ചു.

2017ൽ ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ അന്നത്തെ ടൗൺ പ്ലാനിംഗും വഖഫും കൈകാര്യം ചെയ്തിരുന്ന സംസ്ഥാന മന്ത്രി കെ.ടി ജലീലിന് കത്ത് മുഖേന വിഷയം ധരിപ്പിക്കുകയും, വിഷയം ചർച്ച ചെയ്യുന്നതിന് വഖഫ് മന്ത്രിയുടെ ചേമ്പറിൽ വഖ്ഫ് ബോർഡ് ചെയർമാന്‍റെയും അംഗങ്ങളുടേയും ബന്ധപ്പെട്ട ചീഫ് ടൗൺ പ്ലാനർ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുചേർക്കുകയും തടസ്സങ്ങൾ നീക്കുന്നതിനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. സോണിംഗ് റഗുലേഷനിൽ ആവശ്യമായ ഇളവും സർക്കാറിൽ നിരന്തര സമ്മർദ്ദത്തിന്‍റെ ഫലമായി ലഭിച്ചപ്പോൾ ടൗൺ പ്ലാനിംഗ് സ്കീം പ്രകാരം ഡിസൈൻ സമർപ്പിച്ച് ഇന്ന് കാണുന്ന തരത്തിലുള്ള കെട്ടിട നിർമ്മാണം ആരംഭിക്കാനുള്ള അനുമതി 2020ൽ ലഭ്യമായി.

ഓഫീസ് നിർമ്മാണത്തിനുള്ള സൈറ്റിന് മുൻവശത്തെ കോർപറേഷൻ റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് അന്നത്തെ കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ ആയിരുന്ന ഡോ. എം.കെ മുനീർ സാഹിബിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപ അനുവദിക്കുകയും റോഡ് ഉയർത്തി ഇരുവശത്തും ഡ്രൈനേജും റോഡിൽ ഇന്‍റർലോക്ക് ടൈൽ വിരിച്ച് മനോഹരമാക്കുന്നതിനും സാധിച്ചു.

അതിനിടെ റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ബോർഡ് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ബോർഡിന് ഡിവിഷണൽ ഓഫീസുകളും കാസർഗോഡും വയനാടും എക്സ്റ്റെൻഷൻ കൗണ്ടറുകളും ആരംഭിച്ചു. കോഴിക്കോട് മേഖല ഓഫീസ് എന്നത് ഡിവിഷണൽ ഓഫീസ് ആയി മാറി.

റഷീദലി തങ്ങളുടെ നേതൃത്വത്തിലുള്ള ബോർഡ് കാലാവധി പൂർത്തിയാക്കുകയും, 2019 ഡിസംബറിൽ അഡ്വ. ടി.കെ ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡ് രൂപീകരിക്കുകയും മുന്നാം തവണയും ഈ വിനീതന് മുത്തവല്ലി പ്രതിനിധിയായി ബോർഡ് അംഗമാവാൻ സാധിക്കുകയും ചെയ്തു. കോഴിക്കോട് ഡിവിഷണൽ ഓഫീസ് കെട്ടിട നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പിൽനിന്നും വിരമിച്ച സുപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെട്ട സബ് കമ്മിറ്റി രൂപീകരികുകയും സ്ട്രക്ചറൽ ഡിസൈനും മറ്റും അംഗീകരിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിട നിർമ്മാണത്തിന് വേണ്ടി വഖഫ് ബോർഡിന്‍റെ OWN FUNDൽ നിന്നും മാറ്റിവെച്ച തുക മാത്രം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

ഇപ്പോഴത്തെ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീറിന്‍റെ തന്മയത്വത്തിന്‍റെയും സന്മനസിന്‍റെ കൂടി ഫലമാണ് കെട്ടിട നിർമ്മാണ പൂർത്തീകരണവും ഇത്തരത്തിലൊരു ഉദ്ഘാടന ചടങ്ങിന് അവസരമുണ്ടായി എന്നതും അവിതർക്കിതമാണ്.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൽ വഖഫ് കാര്യ വകുപ്പ് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയാണ് കെട്ടിട നിർമ്മാണത്തിന് ശില പാകിയത്. 15.02.2025ന് കേരളത്തിന്‍റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കോഴിക്കോട് നഗർത്തിൽ വഖഫ് ബോർഡിന് സ്വന്തമായി ഒരു ഓഫീസ് സമുഛയം തുറന്ന് കൊടുക്കുമ്പോൾ, നീണ്ടനാളത്തെ പ്രവർത്തനത്തിന് സമ്പൂർണമായും ഭാഗമാവാൻ കഴിഞ്ഞു എന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്.

2018 മുതൽ വഖഫ് ബോർഡ് ചെയർമാൻ ആയിരുന്നവർ, എന്നോടൊപ്പം മുൻ ബോർഡുകളിൽ അംഗങ്ങളായിരുന്നവർ, ഇപ്പോഴത്തെ സഹ മെമ്പർമാരായ പി.വി അബ്ദുൾ വഹാബ് എം.പി, പി. ഉബൈദുള്ള എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, അഡ്വ. എം.ശറഫുദ്ദീൻ, കഴിഞ്ഞ 3 കാലഘട്ടങ്ങളിലായി ബോർഡിൽ എന്നോടൊപ്പമുള്ള അഡ്വ. പി.വി സൈനുദ്ദീൻ, പ്രൊഫ. കെ.എം.എ റഹിം, റസിയ ഇബ്രാഹിം, വി.എം രഹന തുടങ്ങിയവരുടെ നിസ്വാർത്ഥ പിന്തുണയും ദീർഘകാലം ബോർഡ് സി.ഇ.ഒ ആയി പ്രവർത്തിക്കുകയും, എറണാകുളം ഹെഡ്​ ഓഫീസിന്‍റെയും കോഴിക്കോട് ഓഫീസിന്‍റെയും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അഡ്വ. ബി.എം ജമാൽ, മുൻ സി.ഇ.ഒ അഡ്വ.എം.കെ സാദിഖ്, ഇപ്പോഴത്തെ സി.ഇ.ഒ വി എസ്. സക്കീർ ഹുസയിൻ, വഖഫ്​ ബോർഡ് ഉദ്യോഗസ്ഥർ, കോഴിക്കോട് കോർപറേഷൻ എഞ്ചിനീയറിംഗ് വിഭാഗം, കോഴിക്കോട് റീജ്യണൽ ടൗൺ പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥർ, ആർക്കിടെക്ട് പി.സി റഷീദ്, കോൺട്രാക്ടർ മുസ്തഫ തുടങ്ങി സഹകരിച്ച മുഴുവൻ സുമനസ്സുകളേയും ഈ അവസരത്തിൽ ഓർക്കുകയാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കൂടി തെക്കൻ കേരളത്തിലെ ജില്ലകൾക്ക് കൂടി ഉപകരിക്കുമാറ് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്ന മഹിതമായ ആശയവും അഭിലാഷവും ഞാൻ ഇവിടെ പങ്ക് വെക്കുകയാണ്.

പുതിയ കെട്ടിടത്തിൽ വഖഫ് മുതവല്ലിമാർക്കും സ്ഥാപനഭാരവാഹികൾകും കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്ന പ്രത്യാശയോടെ..

എം.സി മായിൻ ഹാജി

മെമ്പർ, കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ്

TAGS :

Next Story