സർക്കാരുമായി രണ്ട് തട്ടിൽ നിൽക്കുമ്പോഴും രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ വഖഫ് ബോർഡ്
നിയമപരമായി ബോർഡിന് അഞ്ച് വർഷം പൂർത്തിയാക്കാനുള്ള അധികാരമുണ്ടെന്നാണ് ചെയർമാൻ കെ.എസ് ഹംസയുടെ നിലപാട്

കൊച്ചി: മുനമ്പം വിഷയത്തിലടക്കം യുഡിഎഫ് സർക്കാരുമായി രണ്ട് തട്ടിൽ നിൽക്കുമ്പോഴും രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിലെ വഖഫ് ബോർഡ്. നിയമപരമായി ബോർഡിന് അഞ്ച് വർഷം പൂർത്തിയാക്കാനുള്ള അധികാരമുണ്ടെന്നാണ് ചെയർമാൻ കെ.എസ് ഹംസയുടെ നിലപാട്.
കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. പുതിയ സർക്കാരിനെ പ്രതിസന്ധിയിലാക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോർഡിന്റെ നീക്കമാണിതെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.
സർക്കാർ മാറുന്നത് സ്വാഭാവിക നടപടിയാണെങ്കിലും, നിലവിലെ ബോർഡ് രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് ചെയർമാൻ കെ.എസ്. ഹംസ. കഴിഞ്ഞ ഫെബ്രുവരിയിൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന് നിയമപരമായി അഞ്ച് വർഷത്തെ കാലാവധിയുണ്ട്. 2031 ഫെബ്രുവരി വരെ ബോർഡിന് ഇനിയും നാല് വർഷവും ഒമ്പത് മാസവും കാലാവധി ബാക്കിയുള്ളതിനാൽ, പദവിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് സുപ്രിം കോടതിയുടെ വിധിയുണ്ടെന്നും, കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് ഉമീദ് പോർട്ടലിൽ വിവരങ്ങൾ നൽകിയതെന്നും ബോർഡ് അവകാശപ്പെടുന്നു.
സാധാരണഗതിയിൽ സർക്കാർ മാറുമ്പോൾ രാഷ്ട്രീയ നിയമനം ലഭിച്ച അംഗങ്ങൾ സ്ഥാനം ഒഴിയാറുണ്ട്. എന്നാൽ, നിയമപരമായ കാലാവധി ബാക്കിനിൽക്കെ ബോർഡിനെ പിരിച്ചുവിടുക എന്നത് സർക്കാരിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. വഖഫ് ബോർഡും സർക്കാരും രണ്ട് തട്ടിൽ നിൽക്കുന്നത് മുനമ്പം വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന് തടസമാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഉമീദ് പോർട്ടലിലെ രജിസ്ട്രേഷൻ മൂലം മുനമ്പം നിവാസികൾ കയ്യേറ്റക്കാരായി ചിത്രീകരിക്കപ്പെട്ടുവെന്ന പരാതിയും ശക്തമാണ്.
വഖഫ് ബോർഡിന്റെ നടപടിക്കെതിരെ സമരസമിതിയും രംഗത്തെത്തിയിട്ടുണ്ട്. നിയമപരമല്ലാത്ത രേഖകൾ ഉപയോഗിച്ചാണ് ഭൂമി രജിസ്റ്റർ ചെയ്തതെന്ന് ആരോപിക്കുന്ന സമിതി, ബോർഡിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോഴും, വഖഫ് ബോർഡിന്റെ ഈ നിലപാട് ഭരണതലത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Adjust Story Font
16

