Quantcast

പാലക്കാട് യുഡിഎഫിന് അനുകൂല തരംഗം; ബിജെപി സൈബർ വിങ് വ്യാജ പ്രചാരണം നടത്തുന്നു: രമേശ് പിഷാരടി

കേരളത്തിന് അന്യമായ വോട്ടിന് പണം നൽകുന്ന രീതി പാലക്കാട് വ്യാപകമാണെന്നും രമേശ് പിഷാരടി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    9 April 2026 8:25 AM IST

പാലക്കാട് യുഡിഎഫിന് അനുകൂല തരംഗം; ബിജെപി സൈബർ വിങ് വ്യാജ പ്രചാരണം നടത്തുന്നു: രമേശ് പിഷാരടി
X

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബിജെപി സൈബർ വിങ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. താൻ നടന്നു വരുന്ന ഒരു വിഡിയോ ബോധപൂർവം എഡിറ്റ് ചെയ്ത് (ഫ്ലിപ്പ് ചെയ്ത്) മുണ്ട് ഇടത്തോട്ട് ഉടുത്തു എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. 'ഇടത്തേക്ക് മുണ്ടുടുക്കുന്ന മതേതരനെ കണ്ടോ' എന്ന രീതിയിൽ വർഗീയ ചുവയുള്ള പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പിഷാരടി വ്യക്തമാക്കി.

കേരളത്തിന് അന്യമായ വോട്ടിന് പണം നൽകുന്ന രീതി പാലക്കാട് വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർമാർക്ക് പണവും സാരിയും നൽകുന്ന ജനാധിപത്യവിരുദ്ധമായ നടപടികൾ മണ്ഡലത്തിൽ നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നതോടെ തങ്ങളുടെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇത്തരം പ്രവണതകൾ വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പോസ്റ്ററുകൾക്കും ഫ്ലെക്സ് ബോർഡുകൾക്കും നേരെ വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്നും പിഷാരടി പറഞ്ഞു. പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ യുഡിഎഫിന്റെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുകയാണ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്. തന്നെ അരാഷ്ട്രീയവാദിയെന്നും ദുർബലനെന്നും വിളിക്കുന്നവർ, താൻ അത്രമാത്രം ദുർബലനാണെങ്കിൽ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും ആക്ഷേപങ്ങൾ ചൊരിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനകളെയും പിഷാരടി പരിഹസിച്ചു. തനിക്കെതിരെ ചില കഥകളുണ്ടെന്നും പത്താം തീയതിക്ക് ശേഷം അത് പുറത്തുവിടുമെന്നുമാണ് അവർ പറയുന്നത്. വല്ലതും പറയാനുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പിന് മുൻപല്ലേ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. നിഴൽ എന്ന് വിളിച്ച് തന്നെ അധിക്ഷേപിക്കുന്നതിനോട് പ്രതികരിക്കാനില്ലെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും യുഡിഎഫിന് അനുകൂലമായ കാറ്റാണ് മണ്ഡലത്തിൽ വീശുന്നതെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

TAGS :

Next Story