Quantcast

ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31ന്

പദ്ധതി പൂർത്തിയായാൽ കോഴിക്കോട്- വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    28 Aug 2025 10:37 PM IST

Wayanad tunnel road work inaguration on August 31
X

കോഴിക്കോട്: ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്റർ നീളത്തിലുമുള്ള തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്.

മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോ മീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും ( ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്- വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ ലിന്റോ ജോസഫ്, ടി. സിദ്ധിഖ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും.

TAGS :

Next Story