Quantcast

'ഞങ്ങൾ എല്ലാത്തിനും ജമാഅത്തെ ഇസ്‌ലാമിയെ കുറ്റപ്പെടുത്താറില്ല': കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ഒരു കക്ഷിയെ എല്ലാ വിഷയത്തിലും പ്രതികളാക്കി തള്ളുകയും മറ്റൊരു കക്ഷിയെ എല്ലാ വിഷയത്തിലും അനുകൂലികളായി അംഗീകരിക്കുകയും ചെയ്യുക എന്ന നയം ഞങ്ങൾക്കില്ലെന്നും കാന്തപുരം

MediaOne Logo
ഞങ്ങൾ എല്ലാത്തിനും ജമാഅത്തെ ഇസ്‌ലാമിയെ കുറ്റപ്പെടുത്താറില്ല: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ
X

കോഴിക്കോട്: ഞങ്ങൾ എല്ലാത്തിനും ജമാഅത്തെ ഇസ്‌ലാമിയെ കുറ്റപ്പെടുത്താറില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഒരു കക്ഷിയെ എല്ലാ വിഷയത്തിലും പ്രതികളാക്കി തള്ളുകയും മറ്റൊരു കക്ഷിയെ എല്ലാ വിഷയത്തിലും അനുകൂലികളായി അംഗീകരിക്കുകയും ചെയ്യുക എന്ന നയമല്ല ഞങ്ങൾക്കുള്ളതെന്നും കാന്തപുരം പറഞ്ഞു.

'എല്ലാത്തിനും ഒരു പാർട്ടിയെ കുറ്റപ്പെടുത്തുക എന്നതിൽ ഞങ്ങളില്ല'- കാന്തപുരം പറഞ്ഞു. എന്ത് പ്രശ്‌നം വരുമ്പോഴും അതിൽ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടിക്കെട്ടുന്ന സിപിഎം ശൈലിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് കാന്തപുരം മറുപടി പറഞ്ഞത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരള യാത്രയുടെ മുദ്രാവാക്യം തന്നെ മനുഷ്യർക്കൊപ്പം എന്നതായിരുന്നു. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് എന്നിങ്ങനെ നോക്കിയിട്ടല്ല ഞങ്ങളുടെ പ്രവർത്തനവും തീരുമാനവും. യഥാർഥ മനുഷ്യരിവിടെ ഉണ്ടാകണം. അതിന് വേണ്ടി പരിശ്രമിക്കണം'- അദ്ദേഹം പറഞ്ഞു. സുന്നി ഐക്യത്തിൽ ഒരുപാട് വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. മതത്തിന്റെ അടിസ്ഥാനപരമായ വിശ്വാസത്തിലുള്ളൊരു വിട്ടുവീഴ്ച എന്ന് തങ്ങളുദ്ദേശിച്ചിട്ടുണ്ടാവില്ല. മുസ്‌ലിം ലീഗിന് ഞങ്ങളോടുള്ള സമീപനത്തിൽ വന്ന മാറ്റത്തിന് സുന്നി ഐക്യവുമായി ബന്ധമുണ്ട്. മുസ്‌ലിം ലീഗിലെ വളരെ നല്ല ബുദ്ധിമാന്മാർക്ക് കാര്യം ഗ്രഹിക്കാൻ സാധിച്ചു, ഇവിടെ യോജിച്ച് പോകലാണ് രാജ്യത്തിന്റെ നന്മ എന്ന്, അതുകൊണ്ട് അവരിൽ പലരും അടുത്തുവരുന്നുണ്ടാകും- അദ്ദേഹം പറഞ്ഞു.

ഞങ്ങൾ വെള്ളാപ്പള്ളിയേയോ അദ്ദേഹത്തിന്റെ പാർട്ടിയേയോ സമുദായത്തേയോ എവിടെയും പരാമർശിച്ചിട്ടുപോലുമില്ല. അത് രഹസ്യമായും പരസ്യമായിട്ട് പോലും. എന്നിട്ടും എന്തിന് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. അദ്ദേഹം പറഞ്ഞത് കൊണ്ട് ഇവിടുത്തെ ഈഴവ സമുദായം അദ്ദേഹത്തിനൊപ്പം പോകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.

എൽഡിഎഫിനോട് ഞങ്ങൾക്ക് അടുപ്പമുണ്ടായിട്ടുണ്ട്. അത് യുഡിഎഫിലെ ഒരു കക്ഷി ഞങ്ങളെ ശക്തമായിട്ട് എതിർക്കാൻ വന്നപ്പോഴായിരുന്നു. അതേസമയം എൽഡിഎഫിന്റെ നേതാവായ മുഖ്യമന്ത്രിയോടടക്കം ഞങ്ങൾ പറഞ്ഞിട്ടുണ്ട്, മതവിരുദ്ധമായി നിങ്ങൾ വല്ലതും പറഞ്ഞാൽ ഞങ്ങൾ അതിനെ എതിർക്കുമെന്ന്- കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സമസ്തയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വേദിയല്ലെന്നും കാന്തപുരം വ്യക്തമാക്കി.

TAGS :

Next Story