Quantcast

സാമൂഹിക ധ്രുവീകരണം നടത്തി ഭരണ തുടർച്ച നേടാനുള്ള എൽഡിഎഫ് ശ്രമം കേരളം പരാജയപ്പെടുത്തി; ബിജെപിയുടെ വിജയം ആശങ്കയോടെ കാണണം - വെൽഫെയർ പാർട്ടി

'കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തുടരുന്ന ആർഎസ്എസ് ദാസ്യത്തെയും ജനവിരുദ്ധ നയങ്ങളെയും കേരളീയ സമൂഹം കൃത്യമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ'

MediaOne Logo

Web Desk

  • Published:

    5 May 2026 9:58 PM IST

Plus one temporary batches are not the solution: welfare party
X

തിരുവനന്തപുരം: സാമൂഹിക ധ്രുവീകരണം നടത്തി ഭരണ തുടർച്ച നേടാനുള്ള എൽഡിഎഫ് ശ്രമം കേരളം പരാജയപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. ഇടതുപക്ഷം രൂപപ്പെടുത്തിയ രാഷ്ട്രീയ സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് മൂന്ന് സീറ്റുകളിൽ ബിജെപി നേടിയ വിജയം ആശങ്കയോടെ കാണണം. മൃദുഹിന്ദുത്വയിലൂടെയും സാമുദായിക ധ്രുവീകരണത്തിലൂടെയും അധികാരത്തിൽ തുടരാനുള്ള സിപിഎമ്മിന്റെ കുതന്ത്രങ്ങളെയും കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ - രാഷ്ട്രീയ ഘടനയെ അട്ടിമറിച്ചും പണമൊഴുക്കിയും ഭരണത്തിലേറാമെന്ന സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പദ്ധതികളെയും പരാജയപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്‌ത കേരളീയ സമൂഹത്തെ വെൽഫെയർ പാർട്ടി അഭിവാദ്യം ചെയ്യുന്നുവെന്നും വെൽഫയർ പാർട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തുടരുന്ന ആർഎസ്എസ് ദാസ്യത്തെയും ജനവിരുദ്ധ നയങ്ങളെയും കേരളീയ സമൂഹം കൃത്യമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ സംഘ്പരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിപ്പോരുന്ന അപരവത്കരണ - ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ് എളുപ്പവഴിയെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎം. ഇത് ആത്യന്തികമായി സിപിഎമ്മിന് നഷ്ടക്കച്ചവടമാണെന്നും ബിജെപിയുടെ അക്കൗണ്ടിലേക്ക് മെയ്യനങ്ങാതെ വന്നു ചേരുന്ന രാഷ്ട്രീയ നിക്ഷേപമായിരിക്കുമെന്നുമുള്ള വെൽഫെയർ പാർട്ടിയുടെ മുന്നറിയിപ്പുകൾ ശരിയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.

തങ്ങളെ ഭരണമേല്പിച്ച ജനവിധിയുടെ വിശാലതാൽപര്യങ്ങൾ തിരിച്ചറിഞ്ഞു സംസ്ഥാന ഭരണം മുന്നോട്ട് നയിക്കാൻ യു ഡി എഫിന് സാധിക്കേണ്ടതുണ്ട്. സാമൂഹിക സഹവർത്തിത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുകയും വോട്ടർമാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്താൻ സാധിക്കുകയും വേണം. ജനവിധിയുടെ വിശാലമായ താലപര്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഭരണം നടത്താൻ യു ഡി എഫിന് സാധിക്കട്ടെ എന്നും റസാഖ് പാലേരി ആശംസിച്ചു.

TAGS :

Next Story