തെരഞ്ഞെടുപ്പ് ഫലം: സിപിഎമ്മിന്റെയും ബിജെപിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം നൽകിയ കനത്ത മറുപടി: വെൽഫെയർ പാർട്ടി
വർഗീയ ധ്രുവീകരണം ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മാനവും കടന്ന് അത് സിപിഎമ്മിന്റെ സ്ഥായിയായ രാഷ്ട്രീയനയമായി മാറുന്ന കാഴ്ചയാണ് കേരളം കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു

കോഴിക്കോട്: സിപിഎമ്മിന്റെയും ബിജെപിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളീയ സമൂഹം നൽകിയ കനത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മൃദുഹിന്ദുത്വയിലൂടെയും സാമുദായിക ധ്രുവീകരണത്തിലൂടെയും അധികാരത്തിൽ തുടരാനുള്ള സിപിഎമ്മിന്റെ കുതന്ത്രങ്ങളെയും കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ - രാഷ്ട്രീയ ഘടനയെ അട്ടിമറിച്ചും പണമൊഴുക്കിയും ഭരണത്തിലേറാമെന്ന സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പദ്ധതികളെയും പരാജയപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്‌ത കേരളീയ സമൂഹത്തെ അഭിവാദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തുടരുന്ന ആർഎസ്എസ് ദാസ്യത്തെയും ജനവിരുദ്ധ നയങ്ങളെയും കേരളീയ സമൂഹം കൃത്യമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. തുടർച്ചയായി സാമുദായിക ധ്രുവീകരണ അന്തരീക്ഷം നിർമിച്ച് മുസ്‌ലിം അപരവത്കരണത്തിലൂടെ അധികാരം നിലനിർത്തുകയെന്ന ഹീനമായ തെരഞ്ഞെടുപ്പ് തന്ത്രമാണ് സിപിഎം സമീപകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റിയിരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വർഗീയ ധ്രുവീകരണം ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മാനവും കടന്ന് അത് സിപിഎമ്മിന്റെ സ്ഥായിയായ രാഷ്ട്രീയനയമായി മാറുന്ന കാഴ്ചയാണ് കേരളം കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ സംഘ്പരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിപ്പോരുന്ന അപരവത്കരണ - ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ് എളുപ്പവഴിയെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎം. ഇത് ആത്യന്തികമായി സിപിഎമ്മിന് നഷ്ടക്കച്ചവടമാണെന്നും ബിജെപിയുടെ അക്കൗണ്ടിലേക്ക് മെയ്യനങ്ങാതെ വന്നു ചേരുന്ന രാഷ്ട്രീയ നിക്ഷേപമായിരിക്കുമെന്നുമുള്ള വെൽഫെയർ പാർട്ടിയുടെ മുന്നറിയിപ്പുകൾ ശരിയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

