Quantcast

നീറ്റ് യുജി പരീക്ഷ ക്രമക്കേട്: ബിജെപി ഭരണത്തിന് കീഴിൽ പ്രവേശന പരീക്ഷകൾ പ്രഹസനമായി മാറുന്നുവെന്ന് വെൽഫെയർ പാർട്ടി

മെഡിക്കൽ മേഖലയിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന് കീഴിലെ വിവിധ പ്രവേശന പരീക്ഷകളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ക്രമക്കേടുകളാണ് പുറത്തുവരുന്നതെന്നും റസാഖ് പാലേരി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-05-13 01:43:14.0

Published:

12 May 2026 7:57 PM IST

നീറ്റ് യുജി പരീക്ഷ ക്രമക്കേട്: ബിജെപി ഭരണത്തിന് കീഴിൽ പ്രവേശന പരീക്ഷകൾ പ്രഹസനമായി മാറുന്നുവെന്ന് വെൽഫെയർ പാർട്ടി
X

തിരുവനന്തപുരം: നീറ്റ് യുജി ചോദ്യപേപ്പർ ചോർന്ന സംഭവത്തിലൂടെ രാജ്യത്ത് ബിജെപി സർക്കാറിന് കീഴിൽ നടക്കുന്ന പ്രവേശന പരീക്ഷകൾ കേവല പ്രഹസനമായി മാറിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. മെഡിക്കൽ മേഖലയിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന് കീഴിലെ വിവിധ പ്രവേശന പരീക്ഷകളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ക്രമക്കേടുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ദേശീയ പ്രവേശന പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച, മാഫിയ സംഘങ്ങളുടെ ഇടപെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെടുന്നത്. 2024 നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സുപ്രിംകോടതി ഉൾപ്പെടെ ഇടപെടുകയും പരീക്ഷ നടത്തുന്നതിലെ സുതാര്യതയെ സംബന്ധിച്ച് കർശനമായ നിർദേശങ്ങൾ നൽകുകയും ചെയ്തതാണ്.

നീറ്റ് യുജി 2026 -ൽ 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. എന്നാൽ പരീക്ഷയിലെ ബഹുഭൂരിപക്ഷം ചോദ്യങ്ങളും ചോർന്നതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ റദ്ദ് ചെയ്തതിലൂടെ വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പ്രവേശന പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്നതിന്റെ ഭാഗമായി ദീർഘകാലമായി പരിശീലനത്തിലായിരുന്ന വിദ്യാർഥികളുടെ ഭാവി ഇതിലൂടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് പരിശീലനം നേടി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തുന്ന സമീപനമാണ് ഭരണകൂടം ഇതിലൂടെ സ്വീകരിക്കുന്നത്. നീറ്റ് യുജി ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനും കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്. ചോദ്യപേപ്പര്‍ വിതരണം ചെയ്ത രാകേഷ് മണ്ഡാവരിയും പിടിയിലായിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ അറസ്റ്റിലായത്. സംഭവത്തില്‍ കേസെടുത്ത് സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story