അതിജീവിതയോട് എന്തൊരു ക്രൂരതയാണ് ചെയ്തത്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ.കെ ഷൈലജ
രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞാൽ മനുഷ്യനെ കടിച്ചുകീറുന്ന ഇമ്മാതിരി പ്രവർത്തനമല്ലെന്നും കെ.കെ ഷൈലജ

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി സിപിഎം നേതാവ് കെ.കെ ഷൈലജ. അതിജീവിതയോട് എന്തൊരു ക്രൂരതയാണ് രാഹുൽ ചെയ്തതെന്നും നേരത്തെ അറിഞ്ഞിട്ടും കോൺഗ്രസ് നേതാക്കൾ അത് പൂഴ്ത്തിവെച്ചെന്നും കെ.കെ ഷൈലജ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞാൽ മനുഷ്യനെ കടിച്ചുകീറുന്ന ഇമ്മാതിരി പ്രവർത്തനമല്ലെന്നും കെ.കെ ഷൈലജ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈലജ.
'എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണ പറയുകയായിരുന്നില്ലേ. കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞിട്ടും അത് പൂഴ്ത്തിവെച്ചു. വിവരം പുറത്തുവന്നപ്പോൾ ഇയാളെ പുറത്താക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. മറ്റു ചെറുപ്പക്കാർ ഇമ്മാതിരി വൃത്തികേട് കാണിക്കരുത്' എന്നാണ് കെ.കെ ഷൈലജ പറഞ്ഞത്.
കൂടാതെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് ഷൈലജ പ്രതികരിച്ചു. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്ന് കെ.കെ ഷൈലജ പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും കെ.കെ ഷൈലജ പറഞ്ഞു.
മുസ്‌ലിം പ്രീണനം, ക്രിസ്ത്യൻ പ്രീണനം എന്ന് പറഞ്ഞ് നുണ പ്രചരിപ്പിച്ച് ആളുകളെ ഞങ്ങളിൽ നിന്ന് അകറ്റുകയാണ്. മത ന്യൂനപക്ഷത്തെ രാജ്യം സംരക്ഷിക്കേണ്ടതാണ്. വർഗീയത ന്യൂനപക്ഷത്തിനു എതിരാണ്. അതാണ് ഞങ്ങൾ ചെയ്യുന്നത്. എന്തെല്ലാം നുണയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പിപിഇ കിറ്റ് അഴിമതി എന്ന് പറഞ്ഞ് തനിക്കെതിരെ പ്രചരിപ്പിച്ചില്ലേയെന്നും കെ.കെ ഷൈലജ പറഞ്ഞു.
Adjust Story Font
16

