Quantcast

എല്ലാം കൃത്യമായി ചെയ്തിട്ടും 'ഞാൻ ചെയ്തത് തെറ്റിപ്പോയോ' എന്ന് തലച്ചോറ് നിരന്തരം ചോദിക്കുന്നുണ്ടോ? പിന്നിലെ കാരണം ഇത്

ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാൽ ഈ രോ​ഗത്തിന്റെ പേരിനകത്ത് തന്നെയുണ്ട് രോ​ഗത്തിന്റെ കാരണവും

MediaOne Logo
എല്ലാം കൃത്യമായി ചെയ്തിട്ടും ഞാൻ ചെയ്തത് തെറ്റിപ്പോയോ എന്ന് തലച്ചോറ് നിരന്തരം ചോദിക്കുന്നുണ്ടോ? പിന്നിലെ കാരണം ഇത്
X

നിനക്ക് ഭയങ്കര വൃത്തിയാണല്ലോ, ഒസിഡിയാണോ...? നിങ്ങൾ എപ്പോഴെങ്കിലും ആരെയെങ്കിലും കളിയാക്കി ഇങ്ങനെ ചോദിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾക്ക് ഈ ചോദ്യം എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ? എങ്കിൽ ഇനി കളിയാക്കുന്നതിന് മുമ്പ് ഇക്കാര്യം മനസ്സിൽ വെച്ചോ, ഒസിഡി തമാശയല്ല, മറിച്ച് ഗൗരവമുള്ള ഒരു മാനസിക രോഗാവസ്ഥയാണ്.

ഒസിഡി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് നോർത്ത് 24 കാതം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ മാധവ് എന്ന കഥാപാത്രമായിരിക്കും അല്ലേ? അമിതമായ വൃത്തിക്കൂടുതൽ, യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകുമോ എന്ന ഭയം എന്നിവയെല്ലാം ഈ കഥാപാത്രത്തിനുണ്ട്. ഈ അവസ്ഥ കാരണം ജോലിയിലും വ്യക്തിജീവിതത്തിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഈ കഥാപാത്രത്തിലൂടെ നമ്മൾക്ക് പരിചിതവുമാണ്. ഇത്തരത്തിൽ ഒസിഡി എപ്പോഴാണ് ​ഗുരുതരമായി മാറുന്നതെന്നും നിത്യജീവിതത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും നമ്മുക്ക് വിശദമായി പരിശോധിക്കാം.

എന്താണ് ഒസിഡി ?

നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന ​ഗുരുതരവും പലപ്പോഴും ദുർബലപ്പെടുത്തുന്നതുമായ ഒരു മാനസികാരോഗ്യ വൈകല്യമാണ് ഒസിഡി. അഥവാ ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ. നമ്മൾ പോലും വിചാരിക്കാതെ നമ്മുടെ മനസ്സിലേക്ക് ഇരച്ചു കയറി വരുന്ന ചിന്തകൾ, അതിൽ നിന്ന് താൽക്കാലിക ആശ്വാസം കിട്ടാൻ ആവർത്തിച്ചു ചെയ്യേണ്ടി വരുന്ന പ്രവർത്തികൾ എന്നിവയാണ് ഈ രോ​ഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാൽ ഈ രോ​ഗത്തിന്റെ പേരിനകത്ത് തന്നെയുണ്ട് രോ​ഗത്തിന്റെ കാരണവും എന്നതാണ്. ഒസിഡിക്ക് രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്. ഒന്നാമതായി ഒബ്സെഷൻസ് അഥവാ അനാവശ്യ ചിന്തകൾ. നിങ്ങൾക്ക് ഒട്ടും താൽപ്പര്യമില്ലെങ്കിലും മനസ്സിലേക്ക് ഇരച്ചുകയറുന്ന നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകൾ, ചിത്രങ്ങൾ അല്ലെങ്കിൽ ഭയങ്ങൾ... ഉദാഹരണത്തിന് കൈകളിൽ അഴുക്കോ അണുക്കളോ ഉണ്ടെന്ന തോന്നൽ, വീട് പൂട്ടിയില്ലേ എന്ന ഭയം, കാര്യങ്ങൾ കൃത്യമായ ക്രമത്തിൽ ഇരുന്നില്ലെങ്കിൽ എന്തോ അപകടം സംഭവിക്കുമെന്ന പേടി. ഇതിനെയാണ് നമ്മൾ ഒബ്സെഷൻസ് എന്ന് പറയുന്നത്. ഇതാണ് ഒന്നാമത്തെ ഘട്ടം രണ്ടാമത്തേത് കംപൽഷൻസ് അഥവാ ആവർത്തിച്ചുള്ള പ്രവർത്തികളാണ്. മുകളിൽ പറഞ്ഞ ചിന്തകൾ ഉണ്ടാക്കുന്ന കടുത്ത ആശങ്കയിൽ നിന്നും വീർപ്പുമുട്ടലിൽ നിന്നും താൽക്കാലിക ആശ്വാസം നേടാൻ വേണ്ടി ചെയ്യുന്ന പ്രവർത്തികൾ. ഉദാഹരണത്തിന്, മിനിറ്റുകളോളം അല്ലെങ്കിൽ മണിക്കൂറുകളോളം തുടർച്ചയായി കൈ കഴുകുക, പൂട്ടിയ പൂട്ട് വീണ്ടും വീണ്ടും വലിച്ച് പരിശോധിക്കുക, സാധനങ്ങൾ ഒരു പ്രത്യേക രീതിയിൽ മാത്രം അടുക്കി വെക്കുക തുടങ്ങിയവ.

സാധാരണ ശീലങ്ങളും ഒസിഡിയും ഒന്നാണോ ?

പലരും സാധാരണ ശീലങ്ങളും ഒസിഡിയും ഒന്നാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഉദാഹരണത്തിന് വൃത്തിയായി ഇരിക്കുന്നതിനെയോ കാര്യങ്ങൾ കൃത്യതയോടെ ചെയ്യുന്നതിനെയോ തമാശ രൂപേണ എനിക്ക് ഒസിഡി ഉണ്ട് എന്ന് നമ്മളിൽ ചിലർ ഇടയ്ക്കിടെക്ക് പറയാറില്ലേ... എന്നാൽ സത്യത്തിൽ സാധാരണ ശീലങ്ങളും ഒസിഡിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

ഒരാൾക്ക് വൃത്തിയായിരിക്കാൻ ഇഷ്ടമാണ്, എന്നാൽ തിരക്കുള്ളപ്പോൾ കൈ കഴുകാൻ പറ്റിയില്ലെങ്കിലും അയാൾക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇത് സാധാരണ ശീലമാണ്. എന്നാൽ, താൻ കൈ നന്നായി കഴുകിയതാണെന്ന് ബോധ്യമുണ്ടെങ്കിൽ പോലും മനസ്സിൽ വരുന്ന അനാവശ്യ ചിന്തകളെ പിടിച്ചുനിർത്താൻ സാധിക്കാതെ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതിനെ നമ്മുക്ക് ഒസിഡി എന്ന് പറയാം. ഇത് ദൈനംദിന ജീവിതത്തെയും സാമൂഹ്യജീവിതത്തെയും കഠിനമായി ബാധിക്കും. അതുവഴി വലിയ തോതിൽ വീർപ്പുമുട്ടൽ ഉണ്ടാക്കാനും കാരണമാകും.

ഒസിഡിയുടെ കാരണങ്ങൾ

1. തലച്ചോറിലെ ഓർബിറ്റോഫ്രണ്ടൽ കോർട്ടെക്സ് (Orbitofrontal Cortex), കോഡേറ്റ് ന്യൂക്ലിയസ് (Caudate Nucleus) എന്നീ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ വരുന്ന വ്യതിയാനങ്ങൾ
2. സെറോട്ടോണിൻ (Serotonin) എന്ന രാസവസ്തുവിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ
3. കുടുംബത്തിൽ ആർക്കെങ്കിലും ഒസിഡി ഉണ്ടെങ്കിൽ വരാനുള്ള സാധ്യത കൂടുതലാണ്.
4. മാനസിക സമ്മർദ്ദം.

മൃഗങ്ങൾക്കും ഒസിഡി വരുമോ ?

മനുഷ്യരിൽ മാത്രമല്ല മൃ​ഗങ്ങൾക്കും ഒസിഡിക്ക് സമാനമായ രീതികൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ചില പൂച്ചകളും നായ്ക്കളും തങ്ങളുടെ ശരീരത്തിൽ മുറിവോ ചോരയോ വരുന്നത് വരെ ഒരേ ഭാഗം തന്നെ നക്കിക്കൊണ്ടേയിരിക്കുക, സ്വന്തം വാല് പിടിക്കാനായി മണിക്കൂറുകളോളം വട്ടത്തിൽ കറങ്ങിക്കൊണ്ടേയിരിക്കുക എന്നിവ നമ്മൾ കണ്ടുകാണും. ഇത് മൃഗങ്ങളിലെ ഒസിഡി ലക്ഷണങ്ങളാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൃഗങ്ങളിൽ ഇതിനെ കനൈൻ കംപൾസീവ് ഡിസോർഡർ (CCD) എന്നാണ് വിളിക്കുന്നത്.

ചികിത്സ ഇങ്ങനെ

ഒസിഡി എന്നത് സ്വയം വിചാരിച്ചാൽ പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നല്ല. എന്നാൽ, പൂർണ്ണമായും മാറ്റാനും നിയന്ത്രിക്കാനും ഇന്ന് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്. ഒസിഡി കാരണം നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ കൗൺസിലിങും തെറാപ്പിയും സ്വീകരിക്കണം. ഇതിൽ ഏറ്റവും ഫലപ്രദമായത് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി CBT (Cognitive Behavioral Therapy), പ്രത്യേകിച്ച് ERP (Exposure and Response Prevention) തെറാപ്പിയാണ്. രണ്ടാമതായി തലച്ചോറിലെ കെമിക്കലുകളുടെ അളവ് നിയന്ത്രിക്കാൻ സൈക്യാട്രിസ്റ്റിന്റെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിച്ച് നിയന്ത്രിക്കുക എന്നതാണ്. പേശികളുടെ വിശ്രമം, ആവശ്യത്തിന് ഉറക്കം, യോ​ഗ, ധ്യാനം, ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടുക എന്നിങ്ങനെ നിത്യജീവിതത്തിൽ കൊണ്ടുവരുന്നതിലൂടെ ഒസിഡിയെ നേരിടാം. ഓർക്കുക, ഒസിഡി എന്നത് വെറുമൊരു മനസ്സിന്റെ കുഴപ്പമല്ല, തലച്ചോറിലെ മാറ്റമാണ്. എന്നാൽ വെറുതെ വിചാരിച്ചാൽ മാറ്റാൻ പറ്റുന്ന ഒരുകാര്യവുമല്ല.

TAGS :

Next Story