നെടുമ്പാശ്ശേരിയിലെ അപകടവുമായി ബന്ധപ്പെട്ട വർഗീയ പ്രചാരണങ്ങളെ അപലപിച്ച് നിയമസഭ
വർഗീയമായി സമീപിച്ച് അങ്ങേയറ്റം വൃത്തികെട്ടതരത്തിലുള്ള പ്രചാരണം നടത്തിയവരുണ്ട്. അത് പൂർണമായി തന്നെ അപലപിക്കുന്ന നടപടിയെടുക്കണമെന്നും പിണറായി

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലെ അപകടവുമായി ബന്ധപ്പെട്ട വർഗീയ പ്രചാരണങ്ങളെ അപലപിച്ച് നിയമസഭ. വർഗീയ പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്നും ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാൻ പറ്റില്ലെന്നും മനുഷ്യസമൂഹത്തിന്റെ സംസ്കാരത്തിന് വിരുദ്ധമായ നടപടിയാണിതെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
നെടുമ്പാശ്ശേരി വാഹനാപകടം പ്രതിപക്ഷ നേതാവ് പിണറായി വിജയന് സബ്മിഷനായി ഉന്നയിച്ചിരുന്നു. ഇതിലെ മറുപടിയിലാണ് വര്ഗീയ പ്രചാരണങ്ങളെ തള്ളി മന്ത്രിയും സ്പീക്കറും രംഗത്ത് എത്തിയത്. മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
'എന്ത് വർഗീയമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഞാൻ പറയുന്നില്ല ആരൊക്കെയാണ് ഇതൊക്കെ പറയുന്നത് എന്ന്. അപകടമുണ്ടായാൽ ഉടൻ തന്നെ ഫേസ്ബുക്കിലിടുക, പ്രചാരണം നടത്തുക, ഇതൊക്കെ മനുഷ്യത്വരഹിതമായ കാര്യങ്ങളാണ്. ഈ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിൽ എല്ലാവരും വേദനിച്ച് കഴിയുന്നതിനിടെയാണ് വർഗീയമായ പ്രചാരണങ്ങൾ നടത്തുന്നത്. ഇതൊക്കെ വളരെ തെറ്റായ കാര്യമാണ്. നെടുമ്പാശ്ശാരിയിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള എല്ലാ നടപടിയും ഈ സർക്കാർ സ്വീകരിക്കും'-രമേശ് ചെന്നിത്തല പറഞ്ഞു.
അപകടത്തെ വർഗീയമായി കാണാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വർഗീയമായി സമീപിച്ച് അങ്ങേയറ്റം വൃത്തികെട്ടതരത്തിലുള്ള പ്രചാരണം നടത്തിയവരുണ്ട്. അത് പൂർണമായി തന്നെ അപലപിക്കുന്ന നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Adjust Story Font
16

