Quantcast

അതിനാടകീയ ജീവിതം.. ഞെട്ടിക്കുന്ന ഉന്നത ബന്ധങ്ങള്‍.. ആരാണീ മോൻസണ്‍ മാവുങ്കല്‍?

നാട്ടുകാരുമായി അകലം പാലിച്ചായിരുന്നു ജീവിതം. ആഡംബര കാറുകളുടെ അകമ്പടിയോടെ അംഗരക്ഷരുമായാണ് സഞ്ചാരം

MediaOne Logo

Web Desk

  • Published:

    27 Sep 2021 7:36 AM GMT

അതിനാടകീയ ജീവിതം.. ഞെട്ടിക്കുന്ന ഉന്നത ബന്ധങ്ങള്‍.. ആരാണീ മോൻസണ്‍ മാവുങ്കല്‍?
X

ആരാണീ മോൻസൺ മാവുങ്കൽ? സ്വയം പരിചയപ്പെടുത്തുന്നത് പലതരത്തിലാണ്. സ്വന്തം നാട്ടുകാർക്ക് പിടികൊടുക്കാതെ, ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചാണ് മോൻസന്‍റെ തട്ടിപ്പ് മുഴുവനും.

അമൂല്യമായ പുരാവസ്തുക്കള്‍ കയ്യിലുണ്ടെന്ന് മാത്രമല്ല മോന്‍സണ്‍ സ്വയം അവകാശപ്പെട്ടിരുന്നത്. ലോക സമാധാന പ്രചാരകൻ, മനുഷ്യസ്നേഹി, വിദ്യാഭ്യാസ വിദഗ്ധൻ, തെലുങ്കു സിനിമാ നടൻ, പ്രഭാഷകൻ, മോട്ടിവേറ്റർ.. ഇങ്ങനെയൊക്കെയാണ് മോൻസൺ മാവുങ്കൽ സ്വയം പരിചയപ്പെടുത്തുന്നത്. monsonmavunkal.com എന്ന വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും സമൂഹത്തിനായി ചെയ്യുന്ന സേവനങ്ങൾ അദ്ദേഹം നിരത്തിയിരുന്നു. കോസ്മോസ് ഗ്രൂപ്പ്, കലിംഗ കല്യാൺ ഫൗണ്ടേഷൻ എന്നീ രണ്ട് സ്ഥാപനങ്ങൾ കീഴിലുള്ളതായും മോൻസൺ വെബ്സൈറ്റിലൂടെ പറയുന്നു.

ആരെയും അത്ഭുതപ്പെടുത്തുന്ന പുരാവസ്തു ശേഖരമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഉന്നതരെ കയ്യിലെടുത്തത്. യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് കിട്ടിയ 30 വെള്ളി നാണയങ്ങളിൽ രണ്ടെണ്ണമടക്കം കയ്യിലുണ്ടെന്ന് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചു. അങ്ങനെ കോടികളുടെ തട്ടിപ്പ് നടത്തി. പല ഉന്നതരും തട്ടിപ്പിൽ കുടുങ്ങി. പലരും തട്ടിപ്പിന്റെ ഭാഗമായി.

ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാവുങ്കൽ വീട്ടിലാണ് ജനനം. നാട്ടുകാരുമായി അകലം പാലിച്ചായിരുന്നു ജീവിതം. ആഡംബര കാറുകളുടെ അകമ്പടിയോടെ അംഗരക്ഷരുമായാണ് സഞ്ചാരം. അതിനാടകീയമായ ജീവിതം നയിച്ച മോൻസണെ ഒടുവിൽ പൊലീസ് നാടകീയമായി പിടികൂടി.

തട്ടിയത് കോടികള്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി മോന്‍സണ്‍ മാവുങ്കല്‍ 10 കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസ്സങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി. അന്വേഷണം നടത്തിയ എറണാകുളം ക്രൈബ്രാഞ്ച് സംഘം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. തെളിവിനായി മോണ്‍സണ്‍ മാവുങ്കല്‍ കാണിച്ചിരുന്ന ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ എറണാകുളം കലൂരിലുളള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തുന്ന മോണ്‍സണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയാണ്. പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുല്‍ത്താന്‍റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്‍റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്‍റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്‍റെ കൈവശമുണ്ടെന്നും മോണ്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പുവിന്‍റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.

TAGS :

Next Story